വടകര: സി.പി.ഐ നേതാവിനെ ലോക്കപ്പ് മർദനത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ സർക്കാർ പ്രമോഷൻ നൽകി സംരക്ഷിച്ച് നിർത്തുന്നതായി പരാതി. ഡിവൈ.എസ്.പി എം. മനോജിനെതിരെ സി.പി.ഐ നേതാവും വടകര മന്തരത്തൂർ സ്വദേശിയുമായ കോണിച്ചേരി രഞ്ജിത്താണ് രംഗത്തുവന്നത്.
2012 മാർച്ച് 26ന് സഹോദരനെതിരെയുള്ള പരാതി അന്വേഷിക്കാൻ വടകര പൊലീസ് സ്റ്റേഷനിൽ എത്തിയ രഞ്ജിത്തിനെ എസ്.ഐ പി.എം. മനോജ് ക്രൂരമായി മർദിച്ചു. നെഞ്ചിലും മറ്റും മർദനമേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മൂന്ന് വർഷം ചികിത്സയിലായിരുന്നു.
കേസിൽ രഞ്ജിത് വടകര മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. 2019 നവംബർ നാലിന് കോടതി രണ്ട് വകുപ്പുകളിലായി മനോജിനെ ഒരു മാസവും ഏഴ് ദിവസവും തടവിന് ശിക്ഷിച്ചു. കൂട്ടുപ്രതിയായ അഡീ. എസ്.ഐ മുഹമ്മദിനെയും ശിക്ഷിച്ചിരുന്നു. അപ്പീലിൽ കോഴിക്കോട് സെഷൻസ് കോടതിയും ശിക്ഷ ശരിവെച്ചു.
പിന്നാലെ പി.എം. മനോജ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ സർക്കാർ പി.എം. മനോജിന് രണ്ട് പ്രമോഷനുകൾ നൽകി. സി.ഐയായും ഡിവൈ.എസ്.പിയായുമാണ് പ്രമോഷൻ നൽകിയത്. അഡീ. എസ്.ഐ മുഹമ്മദ് സർവിസിൽനിന്ന് വിരമിക്കുകയും ചെയ്തു.
നിലവിൽ തൃശൂരിൽ ഡിവൈ.എസ്.പിയാണ് പി.എം. മനോജ്. ശിക്ഷിച്ച ഉദ്യോഗസ്ഥന് പ്രമോഷൻ നൽകിയതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സമയത്താണ് മർദനമേറ്റത്. പ്രമോഷൻ തടയണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തെ സമീപിച്ചെങ്കിലും സർക്കാർതലത്തിൽ എത്തിക്കാൻ നടപടികൾ ഉണ്ടായില്ലെന്ന് രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.