തൃശൂർ: പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ ശക്തമായ എതിർപ്പ് തുടരുന്നതിനിടെ കാർഷിക സർവകലാശാലയിൽ വർഷങ്ങൾ മുമ്പേ ദേശീയ വിദ്യാഭ്യാസം (എൻ.ഇ.പി) നടപ്പാക്കിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നു. വർഷങ്ങൾ മുമ്പുതന്നെ എൻ.ഇ.പി അനുസരിച്ച് നാലു വർഷ ബിരുദ കോഴ്സുകളാണ് കാർഷിക സർവകലാശാലയിൽ നടത്തുന്നത്.
സി.പി.ഐ മന്ത്രിയായ പി. പ്രസാദാണ് കാർഷിക സർവകലാശാല പ്രോചാൻസലർ. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രഫസർ ഓഫ് പ്രാക്ടിസ് രണ്ടു വർഷത്തോളം മുമ്പ് സർവകലാശാലയിൽ നടപ്പാക്കിയിരുന്നു. 2024 ഫെബ്രുവരിയിലാണ് പ്രഫസർ ഓഫ് പ്രാക്ടിസ് നിയമനങ്ങൾ നടന്നത്. അതിനിടെ, ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള രണ്ടാഴ്ചത്തെ ഓറിയന്റേഷൻ േപ്രാഗ്രാമിന്റെ പേര് ‘ദീക്ഷാരംഭം’ എന്നാണ്. തങ്ങൾക്കു കീഴിലുള്ള സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതായ വിവരം പുറത്തുവന്നതോടെ സി.പി.ഐയും പ്രതിരോധത്തിലായി.
കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയത് സി.പി.എമ്മിനും വ്യക്തമായി അറിയാം. നിലവിലെ സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും സി.പി.എം നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, രാജ്യത്തെ കാർഷിക സർവകലാശാലകളെല്ലാം പ്രവർത്തിക്കുന്നത് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) കീഴിലാണെന്നും ഇത്തരം പദ്ധതികൾ നടപ്പാക്കാതെ മുന്നോട്ടുപോകാനില്ലെന്നും സർവകലാശാലയിലെ അധ്യാപകരിലൊരാൾ വ്യക്തമാക്കി.
കണ്ണൂർ: പി.എം ശ്രീയിൽ ഉടക്കിയ സി.പി.ഐക്ക് പരോക്ഷ മറുപടി നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാറിന് കമ്യൂണിസ്റ്റ് ആശയങ്ങൾ അതേപടി നടപ്പാക്കാൻ കഴിയില്ലെന്നും 1957ൽ സർക്കാറിനെ നയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് മുതൽ ഇത് പറയുന്നുണ്ടെന്നും 2025ലും ഇതു ബാധകമാണെന്നും അദ്ദേഹം തുറന്നടിച്ചു. കേരള എൻ.ജി.ഒ യൂനിയൻ ഇരിട്ടി ഏരിയ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഉള്ളതുകൊണ്ട് സി.പി.എമ്മിന് എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ കഴിയില്ല. എന്നാൽ, ജനങ്ങൾക്ക് ആശ്വാസമാകാൻ കഴിയും. ഒരു ഭാഗത്ത് പരിമിതിയുണ്ട്. ജനങ്ങൾ അത് മനസ്സിലാക്കും. ബാക്കി പിന്നീട് പറയാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൊച്ചി: പി.എം ശ്രീയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിന് കയറുംമുമ്പ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ നയമാണ് രണ്ടുപാർട്ടികളും ഉയർത്തിപ്പിടിക്കുന്നത്. തർക്കങ്ങൾ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്ക് പോവില്ല. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുമോയെന്നത് പാർട്ടി സെക്രട്ടറി പറയും. പാർട്ടി തീരുമാനം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെല്ലാവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.