ഇ.ഡി മുതൽ മുന്നണി വരെ; സി.പി.എമ്മിനോട് യോജിക്കാതെ സി.പി.ഐ

തിരുവനന്തപുരം: സർക്കാറിനെതിരെ ഒന്നിച്ച് സമരം പ്രഖ്യാപിച്ചെങ്കിലും ഇ.ഡിയോടുള്ള സമീപനത്തിലടക്കം സി.പി.എമ്മിനോട് യോജിക്കാതെ സി.പി.ഐ. ബിസിനസും രാഷ്ട്രീയവും രണ്ടാണെന്ന് വാർത്തസമ്മേളനത്തിൽ ആവർത്തിച്ച സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവിനും കുടുംബത്തിനുമെതിരായ ഇ.ഡി നടപടികൾ രാഷ്ട്രീയ നീക്കമാണെന്ന സി.പി.എം വാദം അംഗീകരിച്ചില്ല.

ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്ന ഓരോ നീക്കത്തെയും സി.പി.ഐ എതിർക്കുമെന്ന് പറഞ്ഞ ബിനോയ്, ഒരിക്കൽ പോലും പിണറായിക്കെതിരെയുള്ളത് രാഷ്ട്രീയ നീക്കമാണെന്ന് പറഞ്ഞില്ല. ചോദ്യങ്ങൾ വീണ്ടുമുയർന്നപ്പോൾ ‘‘ഇതു മാത്രമേ സി.പി.ഐക്ക് പറയാനുള്ളൂ, ഇതിനപ്പുറം ഒന്നും പറയാനില്ല’’ എന്ന് നിലപാട് വ്യക്തമാക്കി. ‘‘ബിസിനസ് വേറെ, രാഷ്ട്രീയം വേറെ’’ എന്ന നിലപാട് വ്യക്തവും കൃത്യവുമാണ്. ഈ പറഞ്ഞതിൽ എല്ലാമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരായ എൽ.ഡി.എഫ് പ്രക്ഷോഭത്തിൽ ഇ.ഡി വിഷയവും പ്രധാന മുദ്രാവാക്യമാണെന്നിരിക്കെയാണ് സി.പി.ഐ പുറംതിരിഞ്ഞു നിൽക്കുന്നത്.

മാത്രമല്ല, പ്രതിപക്ഷ ഉപനേതൃപദവി വേണമെന്നതിൽ സി.പി.ഐ നിലപാട് മയപ്പെടുത്തിയെന്ന സി.പി.എം ധാരണകളെ അസ്ഥാനത്താക്കുന്നതായിരുന്നു വാർത്തസമ്മേളനം. പദവി വേണമെന്നത് ശരിയായ നിലപാടാണെന്നും അതിനുവേണ്ടി സി.പി.ഐ ഉറച്ചുനിൽക്കുമെന്നും അത് സി.പി.എമ്മിനും ബോധ്യപ്പെടുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ വിശദീകരണം. പദവി വേണമെന്നതാണ് സി.പി.ഐ നിലപാട്. ആ നിലപാട് എല്ലാവരുടേതുമാകുമ്പോഴേ പ്രശ്നം തീരൂ. ഉപനേതൃപദവിയിലെ അഭിപ്രായ ഭിന്നത മൂലം നിയമസഭ സമ്മേളനത്തിൽ ഇടതുപക്ഷം ഉന്നയിക്കേണ്ട ഒരു വിഷയവും ഉന്നയിക്കാതിരുന്നിട്ടില്ലെന്നും ബിനോയ് വിശദീകരിച്ചു.

മുന്നണി ശക്തമാണെന്ന് സി.പി.എം. ആവർത്തിക്കുന്നതിനിടെ ‘മുന്നണിയുടെ ദുർബലാവസ്ഥ മാറണമെന്ന’ ബിനോയിയുടെ പരാമർശവും കൗതുകമായി. ‘‘ജനങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ ആവശ്യമായ ശക്തിയും വീറും വീണ്ടെടുക്കാൻ എൽ.ഡി.എഫിന് കഴിയണം. മുന്നണിയുടെ സമരശേഷി ശക്തിപ്പെടണം. എൽ.ഡി.എഫിന്റെ ഉള്ളടക്കത്തിലും പ്രവർത്തനശൈലിയിലും മാറ്റം വരണം. മുന്നണിയുടെ കൂട്ടായ്മയിൽ പുതിയ അർഥവും ആഴവും ഉണ്ടാകണം.

’’ അതെല്ലാമാണ് സി.പി.ഐ നിലപാടെന്നാണ് ബിനോയ് തുറന്നു പറഞ്ഞത്. നിലവിൽ ആറു മാസം പിന്നിട്ട പ്രതിപക്ഷ മുന്നണിക്ക് ഇതൊന്നുമില്ലെന്ന പരോക്ഷ വിമശനം കൂടിയായി ഇത്. പി.എസ്.സി വിഷയത്തിൽ സി.പി.എം നിലപാടുകൾക്കൊപ്പം അതേ ശക്തിയിൽ പ്രതിരോധിക്കാനില്ലെന്ന സൂചനയും ബിനോയിയുടെ വാക്കുകളിലുണ്ടായി.

Tags:    
News Summary - CPI disagrees with CPM, from ED to Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.