തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനായിരുന്നു ഇടതു സ്ഥാനാർഥി ജോസ് കെ. മാണിയെക്കാൾ ജനകീയനെന്ന് സി.പി.െഎ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഇത് പരാജയ കാരണമായെന്ന് കോട്ടയം ജില്ല കമ്മിറ്റി വിലയിരുത്തൽ ചൂണ്ടിക്കാട്ടി നേതൃത്വം പറയുന്നു. ഇടതുമുന്നണി പ്രവേശനം കൊണ്ട് കേരള കോൺഗ്രസിനാണ് (എം) നേട്ടമുണ്ടായെതന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിടിച്ചെടുത്ത പാലാ മണ്ഡലമാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. യു.ഡി.എഫിെൻറ ഭാഗമായിരുന്ന കേരള കോൺഗ്രസിനെ ഉൾക്കൊള്ളാൻ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ല. കേരള കോൺഗ്രസ് പ്രവർത്തകരിലും നിസ്സംഗതയുണ്ടായിരുന്നു.
ഒരു പഞ്ചായത്ത് ഒഴികെ ബാക്കി എല്ലായിടവും യു.ഡി.എഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിച്ചു. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടപ്പോൾ എൽ.ഡി.എഫ് സ്വാധീന മേഖലകളിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു. കുണ്ടറയിലെ തോൽവിയിൽ സി.പി.എം സ്ഥാനാർഥിയുമായിരുന്ന ജെ. മേഴ്സികുട്ടിയമ്മയെ റിപ്പോർട്ട് വിമർശിക്കുന്നു.
'എൽ.ഡി.എഫ് സ്ഥാനാർഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ രഹസ്യമായ മുറുമുറുപ്പ് ഉണ്ടായിരുന്നു. വിനയശീലനായ യു.ഡി.എഫ് സ്ഥാനാർഥി ഈ ന്യൂനത മുതലാക്കി വോട്ടർമാർക്കിടയിൽ നല്ല അഭിപ്രായം തുടക്കത്തിലേ സൃഷ്ടിച്ചെടുത്തു. ബി.ജെ.പിയെയും എൻ.എസ്.എസിനെയും വശത്താക്കി. കുണ്ടറ യു.ഡി.എഫ് തിരിച്ചുപിടിച്ചു' ^റിപ്പോർട്ടിൽ പറയുന്നു.
സംഘടനാ സംവിധാനമില്ലാത്ത ദുർബലമായ ഒരു പാർട്ടിയുടെ പ്രതിനിധി കുന്നത്തൂരിൽ മത്സരിച്ചുവെന്നാണ് കോവൂർ കുഞ്ഞുമോനെക്കുറിച്ചുള്ള നിരീക്ഷണം. ഇതിലെ പോരായ്മകൾ സി.പി.ഐയും സി.പി.എമ്മും ചേർന്ന് പരിഹരിച്ച് മുന്നേറുകയാണ് ചെയ്തത്.
കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെ ഒതുക്കാൻ സി.പി.എമ്മിനുള്ളിൽ നിന്നുതന്നെ ശ്രമമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി മോഹികളായ ചിലർ സീറ്റ് കിട്ടാതെ വന്നപ്പോൾ നിരാശരാകുകയും പ്രവർത്തനത്തിൽ പിന്നാക്കംപോകുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയുടെ മികവും കുടുംബബന്ധങ്ങളും എൽ.ഡി.എഫിന് ഭൂരിപക്ഷം കുറയാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.