മരം മുറിക്കാനുള്ള ഉത്തരവ് കർഷകർക്ക് വേണ്ടി; അതിന്‍റെ മറവിൽ തേക്കും ഈട്ടിയും മുറിച്ചെങ്കിൽ തെറ്റ് -കാനം

കോഴിക്കോട്: സി.പി.ഐ എന്നും കർഷകർക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മരം മുറിക്കാനുള്ള ഉത്തരവ് കർഷകർക്ക് വേണ്ടിയായിരുന്നു. അതിന്‍റെ മറവിൽ തേക്കും ഈട്ടിയും മുറിച്ചെങ്കിൽ അത് തെറ്റാണെന്നും കാനം വാർത്താ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.

പട്ടയഭൂമിയിൽ കൃഷിക്കാർ നട്ടുവളർത്തിയ മരം മുറിക്കാൻ അപേക്ഷകൾ വന്നിരുന്നു. അത് കർഷകരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. ഉത്തരവിൽ തെറ്റില്ല. എന്നാൽ, ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും.

2016 ൽ തുടങ്ങിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഉത്തരവ് ഇറങ്ങിയത്. പത്ത് സര്‍വകക്ഷിയോഗങ്ങൾ ഇതുസംബന്ധിച്ച് നടന്നിട്ടുണ്ട്. അതിൽ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് നടന്നതും. കര്‍ഷകര്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. അതനുസരിച്ച് ഉണ്ടായ രാഷ്ട്രീയ തീരുമാനം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവെന്നും കാനം പറഞ്ഞു. 

ഉത്തരവിനെ കുറിച്ച് സര്‍ക്കാർ തലത്തിലോ വകുപ്പ് തലത്തിലോ ഭിന്നതയില്ല. ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നത്. പ്രതികൾ പലതും പറയും. അതിനൊന്നും മറുപടി പറയാനില്ല. വിഷയത്തെ പ്രായോഗികമായി കാണണം. പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ് സി.പി.ഐ നിലപാട്. അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 

Tags:    
News Summary - cpi always with farmers -cpi always with farmers -kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.