കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി

കൊച്ചി: കോവിഡ് പ്രതിരോധിക്കാനുള്ള വാക്‌സിന്‍റെ ആദ്യ ബാച്ച് കേരളത്തിലെത്തി. 11.15ഒാടെ ഗോ എയർ വിമാനത്തിലാണ് വാക്സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ആദ്യ ബാച്ച് വാക്സിൻ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

വിമാനത്താവളങ്ങളില്‍ നിന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിലാക്കി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖല വാക്‌സിന്‍ സ്‌റ്റോറേജ് കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ മാറ്റും. 4,35,500 ഡോസ് മരുന്നാണ് ആദ്യഘട്ടത്തില്‍ കേന്ദ്രസർക്കാർ കേരളത്തിനായി അനുവദിച്ചത്. 

കോവിഡ്​ വാക്​സിൻ വിമാനത്തിൽ നിന്ന് ഇറക്കുന്നു

1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും. പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിൻ റീജണൽ സ്റ്റോറിൽ നിന്ന് അയക്കും.

വിമാനത്താവളത്തിൽ നിന്ന് വാക്​സിനുമായുള്ള പ്രത്യേക വാഹനം​ പുറത്തേക്ക്​

കൊച്ചിയിൽ നിന്ന് 1,19,500 ഡോസ് വാക്സിൻ കോഴിക്കോട് മേഖലക്കായി റോഡ് മാര്‍ഗം കൊണ്ടു പോകും. മാഹിക്ക് നല്‍കാനുള്ള 1100 ഡോസ് വാക്സിന്‍ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് ആറ് മണിയോടെ 1,34,000 ഡോസ് വാക്സിന്‍ വിമാനത്തില്‍ എത്തിക്കും. തിരുവനന്തപുരത്തെ റീജിയണല്‍ സ്റ്റോറിലേക്ക് മാറ്റുന്ന വാക്‌സിന്‍ 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൊണ്ടുപോകും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ഈ മാസം 16ന് തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ കുത്തിവെപ്പ് തുടങ്ങും. 

ഗോ എയർ വിമാനത്തിൽ കോവിഡ് വാക്സിൻ എത്തിച്ചപ്പോൾ

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ ഉദ്​പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീൽഡ്​ വാക്സിന്‍റെ വിതരണം ഇന്നലെയാണ് രാജ്യത്ത് തുടങ്ങിയത്. എട്ട് പാസഞ്ചർ വിമാനങ്ങളും രണ്ട് കാർഗോ വിമാനങ്ങളും അടക്കം 10 വിമാനങ്ങളിലായി രാജ്യത്തെ 13 സ്ഥലങ്ങളിലാണ് വാക്സിൻ എത്തിച്ചത്. ഡൽഹി, കർനാൽ, അഹമ്മദാബാദ്, ചണ്ഡിഗഡ്, ലക്നോ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലാണ് വാക്സിൻ എത്തിച്ചത്.

ഓക്സ്ഫഡ് കോവിഷീൽഡ്​ വാക്സിന്​ 200 രൂപ വില നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ആദ്യഘട്ടമായി 1.10 കോടി ഡോസുകളാണ് വിതരണം ചെയ്യുക. 10 കോടി ഡോസുകൾക്ക്​ 200 രൂപ വീതം വിലയാണ് നിശ്ചയിട്ടുള്ളതെന്നാണ്​ റിപ്പോർട്ട്. കോവിഷീൽഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.