കോവിഡ് വാക്സിൻ എടുക്കാൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയവർ വരിനിൽക്കുന്നു (ചിത്രം: പി. അഭിജിത്ത്)

സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഇന്നും വൻ തിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഇന്നും വൻ തിരക്ക്. തിരുവനന്തപുരം ജനറൽ ആശുപത്രി, കോട്ടയം ജില്ലയിലെ പാറമ്പുഴ പി.എച്ച്.സി എന്നിവിടങ്ങളിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളിലാണ് തിരക്ക് അനുഭവപ്പെട്ടത്. പാറമ്പുഴയിൽ വരിനിൽക്കാതെ വാക്സിൻ കേന്ദ്രത്തിലേക്ക് ആളുകൾ തള്ളികയറിയത് തർക്കത്തിന് വഴിവെക്കുകയും ചെയ്തു. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് തീയതിയും സമയവും ലഭിച്ചില്ലെന്നും പരാതിയുണ്ട്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വലിയ തിരക്ക് അനുഭവപ്പെട്ട മറ്റൊരു വിതരണ കേന്ദ്രം. സ്പോട്ട് രജിസ്ട്രേഷൻ നിർത്തിയത് അറിയാതെ ആളുകൾ എത്തിയതാണ് തിരക്കിന് കാരണമായത്. പൊലീസിന്‍റെ നേതൃത്വത്തിൽ തരിക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

158 ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം ജില്ലയിൽ വാക്സിൻ ക്ഷാമം കാരണം ഒമ്പത് ക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തുമെന്നും ഇതിൽ 30,000 ഡോസ് തലസ്ഥാനത്തേക്ക് മാത്രമായി ലഭിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

മാങ്ങാനം അടക്കമുള്ള പ്രദേശങ്ങളിലെ വാക്സിൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർ കോട്ടയത്തെ പാറാമ്പുഴ പി.എച്ച്.സിയിൽ എത്തിയതാണ് തിരക്ക് അനുഭവപ്പെടാൻ കാരണമായത്. വാക്സിനേഷനായി രജിസ്റ്റർ ചെയ്ത സ്ഥലം തെറ്റിയാണ് ഇവരെത്തിയത്. വിഷയത്തിൽ ഇടപെട്ട അധികൃതർ ആളുകളെ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു. കോട്ടയം ജില്ലയിൽ 36 കേന്ദ്രങ്ങളിലായി 200 വീതം ഡോസ് വാക്സിനുകളാണ് നൽകുന്നത്.

വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച മാർഗനിർദേശം പുറപ്പെുവിച്ചതിന് ശേഷമുള്ള ആദ്യ ദിനമായതിനാലാണ് ആശയകുഴപ്പം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് മാർഗനിർദേശം പുറത്തിറക്കിയത്. ഇക്കാര്യം അറിയാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി നിരവധി ആളുകളാണ് വാക്സിൻ കേന്ദ്രങ്ങളിലെത്തുന്നത്.

കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വരും ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകുക. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് ആളുകൾ ഹാജരാകണമെന്നാണ് നിർദേശം.

Tags:    
News Summary - Covid vaccine distribution centers in the state are still crowded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.