തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 57 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18 പേർക്ക് രോഗം ഭേദമായി. പോസിറ്റീവായവരിൽ 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസർകോട് -14, മലപ്പുറം -14, തൃശൂർ -ഒമ്പത്, കൊല്ലം -അഞ്ച്, പത്തനംതിട്ട -നാല്, തിരുവനന്തപുരം -മൂന്ന്, എറണാകുളം -മൂന്ന്, ആലപ്പുഴ -രണ്ട്, പാലക്കാട് -രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ എയർ ഇന്ത്യ ജീവനക്കാരനും ഒരാൾ ആരോഗ്യപ്രവർത്തകനുമാണ്. 27 പേർ വിദേശത്തുനിന്നും 28 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. മലപ്പുറം-ഏഴ്, തിരുവനന്തപുരം, കോട്ടയം മൂന്ന് വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇതുവരെ 1326 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 708 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,39,661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1246 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച 174 പേെര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസ്ക് ധരിക്കാത്തതിന് ഇന്ന് 3075 പേർക്കെതിരെ കേസെടുത്തു. ക്വാറൻറീൻ ലംഘിച്ചതിന് ഏഴുപേർക്കെതിരെയും കേസെടുത്തു. കണ്ടെയിൻമെൻറ് സോണിൽ 24 മണിക്കൂറും കർഫ്യൂ ഏർപ്പെടുത്തും. പാസില്ലാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല.
മേയ് നാലിനുശേഷം രോഗം ബാധിച്ചവരിൽ 90 ശതമാനവും വിദേശത്തുനിന്നും വന്നവരാണ്. അതിനുമുമ്പ് ഏകദേശം 60 ശതമാനമായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ 50 ആളുകളെ പങ്കെടുപ്പിച്ച് വിവാഹത്തിന് അനുമതി നൽകും. കല്യാണ മണ്ഡപങ്ങളിലും ഇതേ മാനദണ്ഡമനുസരിച്ച് അനുമതി നൽകും.
അന്തർജില്ല ബസ് സർവിസ് പരിമിതമായ തോതിൽ അനുവദിക്കും. മുഴുവൻ സീറ്റിലും ആളെ കയറ്റാം. വാതിൽക്കൽ സാനിറ്റൈസർ വെക്കണം. എല്ലാവരും മാസ്ക് ധരിക്കണം. വിദ്യാലയങ്ങൾ ജൂലൈയിലോ അതിന് ശേഷമോ മാത്രമേ തുറക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 121 ഹോട്ട്സ്പോട്ടുകളാണുള്ളത്. പാലക്കാട്, കണ്ണൂർ ജില്ലകളിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ കൂടി പുതിയതായി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഒമ്പത് കേരളീയർ വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചു. വിദേശത്ത് മരിച്ചവരുടെ ആകെ എണ്ണം 210 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.