പാലാ: ഒരുമാസത്തിലേറെയായി നമുക്ക് ടെലിഫോൺ സംഭാഷണം ആരംഭിക്കണമെങ്കിൽ ‘‘നോവൽ കൊറോണ വൈറസ് രോഗം പടരാതെ തടയാനാകും...’’ എന്ന സന്ദേശം കേട്ട ശേഷമേ സാധിക്കൂ. ശുദ്ധമലയാളത്തിലുള്ള ഈ ശബ്ദം ആരുടേതായിരിക്കുമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. വോയിസ് ഓവർ ആർട്ടിസ്റ്റായ ടിൻറുമോൾ ജോസഫ് എന്ന പാലാക്കാരിയുടേതാണ് ഈ സന്ദേശം.
മുണ്ടാക്കൽ തറപ്പേൽ ടി.വി. ജോസഫിെൻറയും മരങ്ങാട്ടുപിള്ളി പൂവത്തിങ്കൽ ആലീസിെൻറയും മകളാണ് ടിൻറുമോൾ. 24 വർഷമായി ടിൻറുമോളുടെ കുടുംബം താമസിക്കുന്നത് കർണാടകയിലെ സുള്ള്യയിലാണ്. റബർ കർഷക തൊഴിലാളികളായ മാതാപിതാക്കൾ ചെറുപ്പത്തിേല കർണാടകയിലേക്ക് കുടിയേറി. സുള്ള്യയിൽതന്നെയായിരുന്നു സ്കൂൾ പഠനം. അതിനാൽ കന്നടയിലും പ്രാവീണ്യം നേടി. ഉപരിപഠനാർഥം 2011ൽ ഡൽഹിയിൽ എത്തിയ ടിൻറുമോൾ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. പഠനശേഷം നാടകം, നൃത്തം എന്നിവ അഭ്യസിച്ചു. ഇതിനിടെയാണ് പരസ്യരംഗത്ത് എത്തിയത്.മത്സരപ്പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾക്കിടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയുടെ പരിപാടിക്കാണ് ആദ്യം ശബ്ദം നൽകിയത്. ഒട്ടേറെ പരസ്യങ്ങളും സർക്കാർ അറിയിപ്പുകളും മലയാളത്തിലേക്കും കന്നടയിലേക്കും മൊഴിമാറ്റം ചെയ്ത് ശബ്ദം നൽകി.
ടി.വി, റേഡിയോ പരസ്യങ്ങളിലൂടെ പരിചിത ശബ്ദമാണെങ്കിലും കൊറോണ ബോധവത്കരണ പരസ്യശബ്ദമാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ചത്. ആദ്യശബ്ദം നൽകിയത് മാർച്ചിലാണ്. മൂന്നാഴ്ചക്കുശേഷം അതിൽ മാറ്റംവരുത്തി.
കോവിഡ്രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോൾ കേൾക്കുന്നത്. ഗൂഗിൾ ആപ്പിലൂടെയുള്ള കോവിഡ്പരിശോധനയുടെ മലയാള ചോദ്യാവലിയും ടിൻറുമോളുടെ ശബ്ദത്തിലാണ്. സഹോദരൻ ടിബിൻ ജോസഫ് മസ്കത്തിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.