തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം കുറച്ച് ആഴ്ചകൾ കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഓണത്തിനോട് അനുബന്ധിച്ച് നൽകിയ ഇളവുകളാണ് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണമെന്നും വിദഗ്ധർ പറയുന്നു. നിലവിൽ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന് അറിയാമായിരുന്നുവെന്ന് ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ.സുൽഫി നൂഹ് പറഞ്ഞു.
എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറവാണ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷവും ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായിരുന്നു. അതേ രീതിയിൽ തന്നെയാണ് ഇത്തവണയും കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യവിദഗ്ധൻ ഡോ.രാജീവ് ജയദേവൻ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000 വരെ ഉയരാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണം ഉയർന്നാൽ മാത്രമേ വലിയ രീതിയിലുള്ള ആശങ്കക്ക് സാധ്യതയുള്ളുവെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം 30,000ത്തിലധികം പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് രോഗികളിൽ ഭൂരിപക്ഷവും നിലവിൽ കേരളത്തിലാണ്. നേരത്തെ ഐ.സി.എം.ആർ നടത്തിയ സിറോ സർവേയിൽ കേരളത്തിൽ 44 ശതമാനം പേരിൽ മാത്രമാണ് കോവിഡ് ആന്‍റിബോഡി കണ്ടെത്തിയത്. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനും ഇനിയും കോവിഡ് വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.