തിരുവനന്തപുരം: കോവിഡ് വ്യാപനം കുറക്കാൻ ലോക്ഡൗൺ സഹായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വ്യാപക പരിശോധന നടത്തുകയാണ്. തക്കതായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവൂ. സര്‍ക്കാർ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മലപ്പുറത്ത് രോഗപ്പകർച്ച അധികവും വീടുകളില്‍നിന്നാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് വ്യാപ്തി വര്‍ധിപ്പിക്കുന്നു. മതിയായ സമ്പർക്ക വിലക്ക് സൗകര്യമില്ലാത്ത വീടുകളില്‍നിന്ന് പോസിറ്റിവായവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ സമ്പർക്ക വിലക്കിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക സ്ഥലമൊരുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കും.
എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിനു പുറമെ 400 ബെഡുകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കും. പ്രാദേശികമായി സ്റ്റെബിലൈസേഷന്‍ സെൻററുകള്‍ ഒരുക്കും. ഇവിടെ ഓക്സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാകും. സമ്പർക്ക വിലക്കിലുള്ളവർ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ട്രിപ്ള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആൻറിജന്‍ പരിശോധന നടത്തി പോസിറ്റിവായവരെയും ഇപ്രകാരം മാറ്റും.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓക്സിജന്‍ സംഭരണികൾ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കമുള്ളവരും പരിശോധനക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവരണം. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലർത്തണം. പാലക്കാട് ജില്ലയിലും കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതുക്കെ കുറയുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.6 ശതമാനമായി. 10 ദിവസങ്ങള്‍ക്കുമുമ്പ് കോവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും ഒമ്പത് ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നു. ആശുപത്രികളിലെ തിരക്ക് കുറയാനും മരണസംഖ്യ കുറയാനും രണ്ടു മൂന്നാഴ്ച കൂടി വേണ്ടിവരും.
തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള 43 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും. എറണാകുളത്ത് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തിൽ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.