പാലിയേക്കര ടോൾ പ്ലാസയില്‍ 20 പേർക്ക് കോവിഡ്, അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാർക്കിടയിൽ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് അടിയന്തര നടപടിക്ക് ജില്ല കലക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 115 ജീവനക്കാരിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 95 ജീവനക്കാർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടെന്നും ജില്ല മെഡിക്കൽ ഓഫീസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മുഴുവൻ ജീവനക്കാരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ഡി.എം.ഒ നിർദേശിച്ചു.

ഈ സാഹചര്യത്തിൽ പ്ലാസയിൽ നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനോ ക്വാറന്റീനിലാക്കുന്നതിനോ നടപടി സ്വീകരിക്കണമെന്ന് നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് നൽകിയ ഉത്തരവിൽ കലക്ടർ വ്യക്തമാക്കി.

പ്ലാസസയിൽ പുതിയ സംഘത്തെ നിയോഗിച്ച് പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് മാനദണ്ഡത്തിലുള്ള ശുചീകരണം നടത്തണം. ചൊവ്വാഴ്ച ഇല്ലാതിരുന്ന 40 ജീവനക്കാരെ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കലക്ടർ വ്യക്തമാക്കി.

നിലവിലുള്ള സാഹചര്യത്തിൽ ജീവനക്കാരുടെ പരിശോധനകളും സാനിറ്റൈസേഷനും പൂർത്തിയാക്കി പ്ലാസയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നതിന് കുറഞ്ഞത് 4 ദിവസമെങ്കിലും വേണ്ടി വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.