മൂവാറ്റുപുഴ: നാട്ടിലേക്കു മടങ്ങാൻ മുറി ഒഴിഞ്ഞ് ബാഗുമായി ഹെൽപ് ഡെസ്കിലെത്തിയ അന്തർസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും രജിസ്ട്രേഷൻ പൂർത്തിയായതു മൂലം മടങ്ങാനായില്ല. പെരുവഴിയിലായ ഇവരെ പൊലീസ് ഇടപെട്ട് വീണ്ടും മുറികളിൽ പുനരധിവസിപ്പിച്ചു.
ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു നാട്ടിലേക്കു പോകാൻ മൂവാറ്റുപുഴയിൽ രണ്ട് സ്ഥലത്താണ് രജിസ്ട്രേഷൻ സൗകര്യമൊരുക്കിയത്. വെള്ളിയാഴ്ച 190 പേർക്കാണ് ഒഡിഷയിലേക്കു പോകാൻ അവസരം ലഭിച്ചത്. ശനിയാഴ്ച ബിഹാറിലേക്കും ഒഡിഷയിലേക്കും പോകാൻ ഒട്ടേറെപ്പേർ എത്തി. ഇവരിൽ 21 പേർക്കാണ് മൂവാറ്റുപുഴ മേഖലയിൽനിന്ന് അവസരം ലഭിച്ചത്. രജിസ്ട്രേഷൻ അപ്പോഴേക്കും പൂർത്തിയായിരുന്നു. ഇതോടെ താമസ സ്ഥലത്തുനിന്ന് ബാഗുമായി ഇറങ്ങിയവർ തിരിച്ചു ചെല്ലേണ്ടതില്ലെന്നു കെട്ടിട ഉടമകൾ വ്യക്തമാക്കിയതോടെ തെരുവിൽ കുടുങ്ങിയ ഇവരെ പൊലീസ് ഇടപെട്ട് താമസസ്ഥലങ്ങളിൽ കുറച്ചു ദിവസം കൂടി തങ്ങാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
വാടക ലഭിക്കാത്തതിനു പുറമെ ഇവർക്ക് ഭക്ഷണവും മരുന്നുമൊക്കെ ഉറപ്പാക്കേണ്ടത് കെട്ടിട ഉടമയുടെ ഉത്തരവാദിത്തമായതിനാൽ ഇവർ ഒഴിഞ്ഞുപോയതിൽ ആശ്വസിച്ചിരിക്കുകയായിരുന്നു ഉടമകൾ. മൂവാറ്റുപുഴ മാർക്കറ്റിലും പേഴയ്ക്കാപ്പിള്ളിയിലും ഹെൽപ് ഡെസ്കുകൾ തുറന്നാണ് തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്തിയത്. കെ.എസ്ആർ.ടി.സി ബസിലാണ് ഇവരെ ആലുവയിലെയും എറണാകുളത്തെയും റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചത്. മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് ഏഴ് ബസുകളാണ് അന്തർ സംസ്ഥാന തൊഴിലാളികളുമായി റെയിൽവേ സ്റ്റേഷനുകളിലേക്കു സർവിസ് നടത്തിയത്. 30 പേർ വീതമാണ് ഒരു ബസിൽ യാത്ര ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.