‘‘കാൻസർ, ഡയാലിസിസ് രോഗികൾക്ക് മരുന്നുകൾ ലഭിക്കാത്ത സാഹചര്യത്തിന് പരിഹാരം കാണണം‘’

തിരുവനന്തപുരം: കോവിഡ് 19 നെ തുരത്തുന്നതിൻെറ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, പൂർണ്ണമായും സജീവമാകേണ്ട മെഡിക്കൽ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

കാൻസർ രോഗികൾ , കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫമൈഡ്, രോഗ ശമനത്തിനുപയോഗിക്കുന്ന താലിഡോമൈഡ്, ഇമാടിനിബ്, ആർബിടെറോൺ തുടങ്ങിയ മരുന്നുകളും, അവയവ മാറ്റൽ സംബന്ധമായി ഉപയോഗിക്കുന്ന, മൈകോഫിനോലേറ്റ്, സൈക്ലോസ്പോറിൻ, ടാക്രോലിമസ് തുടങ്ങിയ മരുന്നുകളും സംസ്ഥാനത്തിലുടെനീളമെത്തുന്നത് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ്. ഇമ്മ്യുണോ സപ്രസന്റായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ കേരളത്തിൽ കൂടുതലായും ഉപയോഗിക്കുന്നത്, കിഡ്​നി മാറ്റി വെച്ച രോഗികളാണ്.

കേരളത്തിലുള്ള ഡിസ്ട്രിബ്യൂഷന് ഇത്തരം മരുന്നുകൾ ലഭിക്കുന്നത് പൂന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുള്ള മരുന്നു കമ്പനികളിൽ നിന്നാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മരുന്നുകൾ എത്തിക്കാനുള്ള സംവിധാനം ഉറപ്പു വരുത്തണം.

ജില്ലകൾക്കിടയിലുള്ള അതിർത്തികളടക്കുകയും പൊതു ഗതാഗതം നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ മരുന്നുകളൊന്നുമെത്തുന്നില്ലന്നാണ് ഡിസ്ട്രിബ്യൂട്ടർമാർ പറയുന്നത്. ഡിസ്ട്രിബ്യൂട്ടർമാരുടെ കൈയ്യിൽ പരിമിതമായ സ്റ്റോക്കുണ്ടെങ്കിലും വില നിയന്ത്രണത്തിൽ ഉള്ള മരുന്നുകളായത് കൊണ്ട് തന്നെ തുഛമായ ലാഭം മാത്രമുള്ള മരുന്നിന് സ്വകാര്യം വാഹനമുപയോഗിച്ച് എത്തിക്കുക എന്നത്​ പ്രായോഗികമല്ല. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ആവശ്യത്തിന് സംസ്ഥാനത്തിലുടനീളം പ്രാധാന കൊറിയർ സർവ്വീസുകളുടെ സേവനം സർക്കാർ ഉറപ്പു വരുത്തിയാൽ ഒരു പരിധി വരെ പരിഹാരമാകും. നിത്യ രോഗികളും മാരക രോഗത്തിനിരയായവരുടെയും ചികിത്സക്കും മരുന്ന് ലഭ്യമാക്കുന്നതിനും സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.

മറ്റൊരു ഗുരുതരമായ പ്രശ്നം, പൊതു ഗതാഗതം മുടങ്ങിയതോടു കൂടി സർക്കാരാശുപത്രി, സ്വകാര്യാശുപത്രി, ഫാർമസികൾ, ലാബോറട്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പകുതിയോ അതിൽ കുറവോ സ്റ്റാഫുകളാണ് ജോലിക്ക് വന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയിൽ പല ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്. മെഡിക്കൽ മേഖലയിൽ സമയ പരിധി പറഞ്ഞിട്ടില്ലെങ്കിലും, സ്റ്റാഫിന്റെ അപര്യാപ്തത മൂലം മുഴുസമയം പ്രവർത്തിക്കാൻ സാധ്യമാകുന്നില്ല.

അധിക ചുമതല നിർവ്വഹിക്കുകയും രോഗികളുമായി നിരന്തര സമ്പർക്കം നടത്തുകയും ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവസ്ഥയും മാസികാവസ്ഥയും പരിഗണിക്കണം. മെഡിക്കൽ മേഖലയിലുള്ളവർക്ക് യാത്ര ചെയ്യാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തണം. ഇതിനായി കെ എസ് ആർ ടി സി സർവീസ് ഉപയോഗിക്കുമെന്ന സർക്കാർ പ്രഖ്യാപനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Tags:    
News Summary - covid 19 kerala welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.