ബന്ധുനിയമനം: തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബന്ധുനിയമന വിവാദം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. സമാനമായ പരാതിയില്‍ വിജിലന്‍സ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായി അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഡി. ബാബു കോടതിയെ അറിയിച്ചു. എന്നാല്‍, ഇത് വ്യക്തമാക്കി  രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

 ഇതിനു പുറമേ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന 16 നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹറിന്‍െറ അപേക്ഷ പ്രകാരം ഈ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി. അന്നേദിവസം ഹരജിയിലെ വിജിലന്‍സ് നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞദിവസം സര്‍ക്കാര്‍ തിരക്കിട്ട് നിയമിച്ച അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയ വാദങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചു. ഹരജി കോടതി പരിഗണിച്ച ഉടന്‍ മാധ്യമവാര്‍ത്ത മാത്രം അടിസ്ഥാനമാക്കിയുള്ള ഹരജിയുടെ നിലനില്‍പിനെ അദ്ദേഹം ചോദ്യംചെയ്തു.

നിയമപരമായി വിജിലന്‍സിന് പരാതി നല്‍കാതെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, അത്തരത്തില്‍ നേരിട്ട് കോടതിയെ സമീപിക്കുന്നതിനെന്തെങ്കിലും തടസ്സമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്‍, ഇതു നിഷ്കര്‍ഷിക്കുന്ന സുപ്രീംകോടതി വിധിയുണ്ടെന്ന് പറഞ്ഞെങ്കിലും അത് ഏതെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് അഭിഭാഷകന് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ കോടതി വാദത്തില്‍ ഇടപെട്ട് സമാനമായ പരാതിയില്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്ന് ചോദിച്ചു.

അന്വേഷണം നടക്കുന്നുണ്ടെന്ന് സമ്മതിച്ച അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പക്ഷേ, പ്രാഥമിക അന്വേഷണമാണെന്ന് ആദ്യം സമ്മതിക്കാന്‍ തയാറായില്ല. കൂടുതല്‍ വാദത്തിന് സമയം വേണമെന്ന ആവശ്യമുന്നയിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

 

Tags:    
News Summary - court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.