മാക്ട ഫെഡറേഷന്‍ വീണ്ടും റിസീവര്‍ ഭരണത്തില്‍; കണ്‍വെന്‍ഷന്‍ ചേര്‍ന്നത് നിയമപ്രശ്നമാകും

കൊച്ചി: സംവിധായകരായ ബൈജു കൊട്ടാരക്കരയും വിനയനും ഭാരവാഹികളായ മാക്ട ഫെഡറേഷന്‍ വീണ്ടും റിസീവര്‍ ഭരണത്തിലായി. 2012ല്‍ എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി പുറപ്പെടുവിച്ച, റിസീവറെ ഭരണമേല്‍പിച്ചുള്ള ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ എറണാകുളം സബ് കോടതി തള്ളിയതോടെയാണിത്. അപ്പീല്‍ തള്ളിയതോടെ ബുധനാഴ്ച അഡ്വ. എം.എ. മുഹമ്മദ് സിറാജ് റിസീവര്‍ സ്ഥാനം ഏറ്റെടുത്തു.

എതിര്‍കക്ഷികളായ മാക്ട ഫെഡറേഷന്‍ ഭാരവാഹികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും നോട്ടീസയച്ചതായി മുഹമ്മദ് സിറാജ് അറിയിച്ചു. ഭാരവാഹികളെ ഇ-മെയില്‍ വഴിയും വിവരം അറിയിച്ചിട്ടുണ്ട്. ഫെഡറേഷന്‍ എ.ഐ.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്തതിനാല്‍ അന്നത്തെ എ.ഐ.ടി.യു.സി സെക്രട്ടറി എന്ന നിലയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിര്‍കക്ഷിയാണ്.

അതേസമയം, റിസീവര്‍ ഭരണത്തിലായിട്ടും ഫെഡറേഷന്‍െറ സംസ്ഥാന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച എറണാകുളത്ത് നടന്നത് പുതിയ നിയമപ്രശ്നമുണ്ടാക്കും. കാനം രാജേന്ദ്രനായിരുന്നു ഉദ്ഘാടകന്‍. റിസീവര്‍ ഭരണത്തിലായസ്ഥിതിക്ക് കണ്‍വെന്‍ഷന്‍ നടത്തരുതായിരുന്നെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മുഹമ്മദ് സിറാജ് പറഞ്ഞു. 2010ല്‍ മാക്ട പ്രൊഡക്ഷന്‍ ഡ്രൈവേഴ്സ് യൂനിയന്‍ സെക്രട്ടറി ചേര്‍ത്തല കണിച്ചുകുളങ്ങര സ്വദേശി സി.വി. രാജീവ് കോടതിയെ സമീപിച്ചതോടെയാണ് മുന്‍സിഫ് കോടതി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ റിസീവറെ ചുമതലപ്പെടുത്തിയത്.

2009 നവംബര്‍ 15ന് ഫെഡറേഷന്‍െറ നിര്‍വാഹക സമിതിയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പും അസാധുവാക്കിയിരുന്നു. അപ്പീല്‍ തള്ളിയതോടെ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മുഴുവന്‍ കാര്യങ്ങളുടെയും കൈകാര്യകര്‍തൃത്വം റിസീവറുടെ മേല്‍നോട്ടത്തിലാകും. അതിനിടെ, സിനിമ മേഖലയിലെ പാവപ്പെട്ട തൊഴിലാളികളെ കൈപിടിച്ചുയര്‍ത്താന്‍ മാക്ട ഫെഡറേഷന് കഴിയണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഫെഡറേഷന്‍െറ പ്രഥമ ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ വിനയനെ ആദരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.