തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് ബിരുദപരീക്ഷ എഴുതാൻ കോടതി യുടെ അനുമതി. കേസിലെ നാലും അഞ്ചും പ്രതികളായ മണികണ്ഠൻ അദ്വൈത്, ആദിൽ മുഹമ്മദ് എന്നിവർ ക്കാണ് ബിരുദപരീക്ഷ എഴുതാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ക ോടതി അനുവാദം നൽകിയത്. വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷക്ക് പ്രതികളെ ജയിലിൽനിന്ന് സുരക്ഷിതമായി കൊണ്ടുപോകാനും തിരികെ ജയിലിൽ എത്തിക്കാനും ജയിൽ സൂപ്രണ്ടിന് കോടതി നിർേദശം നൽകി.
കഴിഞ്ഞദിവസം ഹാൾടിക്കറ്റ് വാങ്ങാൻ കോളജിൽ പോകാൻ അനുമതി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതികളുടെ ആവശ്യത്തിന്മേൽ വിശദമായ വാദം കേട്ട ശേഷം പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയത്.
പ്രതികൾ ചെയ്ത പ്രവൃത്തി അതിഗൗരവമുള്ളതെന്ന നിരീക്ഷണത്തോടെ കോടതി നേരേത്ത ജാമ്യാപേക്ഷ തള്ളിയിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പ്രതികൾ ഇൗമാസം 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കേസിൽ 17 പ്രതികളാണുള്ളത്. ഇതിൽ 11 പേർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതികൾ പിടിയിലായതോടെ മറ്റുള്ളവരുടെ കാര്യത്തിൽ പൊലീസ് അത്ര താൽപര്യം കാട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്.
പിടികൂടാനുള്ളവരിൽ ഏഴുപേർ യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥികളും രണ്ടുപേർ സംസ്കൃത കോളജ് വിദ്യാർഥികളും രണ്ടുപേർ പൂർവവിദ്യാർഥികളുമാണ്. ഇവർ കീഴടങ്ങുമെന്ന പ്രതീക്ഷയാണ് പൊലീസിന്. കോളജിൽനിന്ന് ഇൗ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത ശേഷം അവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.