വോട്ടെണ്ണൽ: ബൂത്തുതല ഫലസൂചനകൾ ഇക്കുറി ഉടൻ ലഭ്യമാകില്ല

എറണാകുളം: മുൻകാലങ്ങളിലെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള ഫലസൂചനകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലസൂചനകൾ. ഒരു ബൂത്തിലെ വോട്ട് എണ്ണുമ്പോള്‍ തന്നെ ആ വോട്ടിംഗ് യന്ത്രത്തിലെ ഫലം അറിയാന്‍ സാധിക്കുന്ന മുന്‍ രീതിയില്‍ നിന്നും വ്യത്യസ്തമായി ഓരോ റൗണ്ടിലെയും ആകെ എണ്ണല്‍ ഫലമാണ് ഇക്കുറി ആദ്യം അറിയുവാന്‍ സാധിക്കുക.

രാവിലെ 8.30ന് ആരംഭിക്കുന്ന ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണല്‍ ക്രമം അതത് നിയോജകമണ്ഡലങ്ങളിലെ എണ്ണല്‍ ടേബിളുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഉദാഹരണത്തിന് 20 കൗണ്ടിംഗ് ടേബിളുകളുള്ള മണ്ഡലത്തില്‍ ആദ്യ റൗണ്ടില്‍ 20 ബൂത്തുകളോ ഓക്സിലറി ബൂത്തുകൾ ഉണ്ടെങ്കിൽ അവ ഉള്‍പ്പെടെയായിരിക്കും എണ്ണുന്നത്.

രാവിലെ എട്ട് മണിക്ക് തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങും. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ശരാശരി 3000 തപാല്‍ വോട്ടുകളാണ് കണക്കാക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ ഒരു റൗണ്ട് എണ്ണിത്തീരാന്‍ ചുരുങ്ങിയത് 20 മിനിറ്റാണ് കണക്കാക്കുന്നത്. വൈകീട്ട് നാല് മണിയോടെ വോട്ടെണ്ണി തീര്‍ക്കാന്‍ കഴിയുമെന്നാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്ന ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരും ഒരു മൈക്രോ ഒബ്സര്‍വറും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുമടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. ഒരു സൂപ്പര്‍വൈസര്‍, അസിസ്റ്റന്‍റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ . 17 മുതല്‍ 23 വരെ ടേബിളുകളുളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ ഹാളില്‍ ഉള്ളത്.

ഓരോ റൗണ്ടും എണ്ണിത്തീരുമ്പോള്‍ ഓരോ ടേബിളില്‍ നിന്നുമുള്ള കണക്കുകള്‍ എന്‍കോര്‍ സോഫ്റ്റവെയറില്‍ രേഖപ്പെടുത്തും. ഓരോ റൗണ്ടും എണ്ണിയതിന്‍റെ ഫലം പ്രിന്‍റെടുത്ത് ബന്ധപ്പെട്ട വരണാധികാരിയും നിരീക്ഷകനും പരിശോധിച്ച് അനുമതി നല്‍കിയ ശേഷമാണ് ആ റൗണ്ടിലെ ഫലം പ്രസിദ്ധീകരിക്കുന്നത്.

Tags:    
News Summary - Counting of votes: Booth level results will not be available soon this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.