സി.ഒ.ടി നസീർ, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
കണ്ണൂർ: സി.പി.എമ്മിന്‍റേത് പൊള്ളയായ മതേതരത്വമാണെന്നും മതേതരത്വം പ്രസംഗിച്ച് സി.പി.എം ജനങ്ങളെ കബളിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മുൻ തലശേരി ലോക്കൽ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ സി.ഒ.ടി. നസീർ. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ തന്നെ പ്രതിചേർത്തത് പാർട്ടിയും പൊലീസും തമ്മിലുള്ള ഗൂഢാലോചനയാണെന്നും ഈ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ സി.ഒ.ടി. നസീർ പറഞ്ഞു.
തലശേരി നഗരസഭയിലെ കായ്യത്ത് വാർഡിൽ ഇത്രയും കാലം സജീവമായി പ്രവർത്തിച്ചിരുന്ന വനിതാ പ്രവർത്തകയെ തഴഞ്ഞ് നേരത്തെ ഇവിടെ താമസിപ്പിച്ചിരുന്ന മുസ്ലിം വനിതയെയാണ് സ്ഥാനാർഥിയാക്കിയത്. മുസ്ലിം വോട്ടർമാർ കൂടുതലുള്ള പ്രദേശമായതിനാലാണിത്. ഇതാണ് സി.പി.എമ്മിന്റെ മതേതരത്വം. പാർട്ടി അംഗത്വം പുതുക്കുന്ന കോളത്തിൽ മതവും ജാതിയും രേഖപ്പെടുത്തണമെന്ന കോളം ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചതു മുതൽ പാർട്ടിയിൽ തന്നെ ഉൻമൂലനം ചെയ്യാനുള്ള നീക്കമാരംഭിച്ചിരുന്നു.
പാർട്ടിയോട് അകന്ന തന്നെ ഇല്ലാതാക്കാനുള്ള എല്ലാ നീക്കവും സി.പി.എം നടത്തി. കുടുംബത്തേയും കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. കേസിൽ ഉൾപ്പെടുത്തി പ്രതിച്ഛായ തകർക്കാനാണ് സി.പി.എം ശ്രമിച്ചത്. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തിലാണ് അന്ന് ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തിന് പോയത്. സി.പി.എം നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായാണ് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത്. രാഷ്ട്രീയത്തിൽ ഇനി സജീവമാകും. ഒരു പാർട്ടിയിൽ ചേരുന്നതിനു ചർച്ച നടത്തിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സി.ഒ.ടി. നസീർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2013 ഒക്ടോബര്‍ 27ന് ആണ് കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ നെഞ്ചിൽ പരുക്കേറ്റു.
എം.എല്‍.എമാരായ ടി.വി രാജേഷ്, സി.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട 113 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സി.പി.എം നേതാവായിരുന്ന സി.ഒ.ടി. നസീറും കേസില്‍ പ്രതിയായിരുന്നു. പിന്നീട് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് ചോദിച്ചിരുന്നു. കേസിൽ കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി നസീറിനെ രണ്ടു വർഷം കഠിന തടവിനും 10,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ കുറ്റവിമുക്തനാക്കിയത്. പിന്നീട് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് ചോദിച്ചിരുന്നു.
ഇതിനിടെ സി.ഒ.ടി നസീറിന് നേരെ വധശ്രമവും നടന്നു. 2019 മേയ് 18-ന് രാത്രി ഏഴു മണിയോടെ, സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കായ്യത്ത് റോഡില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ നിര്‍ദേശപ്രകാരമാണ് വധശ്രമം നടത്തിയതെന്ന് നസീര്‍ ആരോപിച്ചിരുന്നു. കേസിൽ സി.പി.എം പ്രവർത്തകർ പിടിയിലാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.