കഞ്ചിക്കോട് ബ്രൂവറി അനുവദിക്കുന്നതിന് പിന്നിൽ അഴിമതി; കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് മദ്യനിര്‍മാണശാല അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഴിമതിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണ ജനങ്ങൾ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോൾ മദ്യനിര്‍മാണശാലക്ക് വീണ്ടും അനുമതി കൊടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

2022ൽ മദ്യനിര്‍മാണശാല അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്നാക്കം പോവുകയായിരുന്നു. കേരളത്തിൽ പുതുയതായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കേണ്ടെന്നാണ് 1999ൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണിതെന്നും മദ്യനിർമാണശാലക്ക് അനുമതി നൽകാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കഞ്ചിക്കോട് മദ്യനിർമാണശാല അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. മദ്യ നിര്‍മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

1999 മുതല്‍ കൈക്കൊണ്ടിരുന്ന നിലപാടില്‍ എങ്ങിനെ മാറ്റം വന്നുവെന്നും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തെരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത കൊക്ക കോള കമ്പനിയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുത്. സര്‍ക്കാറിന്‍റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Corruption behind allowing Kanjikode Brewery Plant -Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.