വാഫി, വഫിയ്യ കലോത്സവ-സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: 'ഇസ്‍ലാം ലളിതം സുന്ദരം' എന്ന സന്ദേശവുമായി 11ാമത് വാഫി, വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും കോഴിക്കോട് സ്വപ്നനഗരിയിൽ ഉജ്ജ്വല തുടക്കം. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അഞ്ഞൂറോളം പേർ ബിരുദം ഏറ്റുവാങ്ങി. കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി) പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ ബിരുദദാനം നിർവഹിച്ചു.

അറിവിന്റെ വിപ്ലവമാണ് ഇസ്‍ലാം ലോകത്ത് കൊണ്ടുവന്നതെന്ന് ബിരുദദാനം നിർവഹിച്ച് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആ വിപ്ലവത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസായിക വിപ്ലവവും നാഗരികതകളുടെ പിറവിയും ലോകത്തുണ്ടായത്. പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതർ. അധ്യാപകന്റെ ദൗത്യമായിരുന്നു പ്രവാചകന്. ആ ദൗത്യം നിർവഹിക്കുന്നവരാണ് പണ്ഡിതർ. അവർ അതുകൊണ്ടുതന്നെ ആദരിക്കപ്പെടുന്നു. സമസ്ത കൊളുത്തിവെച്ച വിജ്ഞാനദീപത്തിന്റെ കിരണങ്ങളാണ് ഈ ബിരുദദാന ചടങ്ങ്. ഈ ദീപം കെടാതെ കൊണ്ടുപോവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഉണർത്തി.

ഈജിപ്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറൽ ഉസാമ അൽ അബ്ദ് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എം.എൽ.എ, ഡോ. നബീൽ സമാലൂത്വി ഈജിപ്ത്, ഡോ. മുഹമ്മദ് ഹഫ്നാവി ഈജിപ്ത് തുടങ്ങി വിദേശപ്രതിനിധികളും പണ്ഡിതരും പങ്കെടുത്തു.

വാഫി കലോത്സവ-സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച്‌ 'മെറ്റീരിയലിസം, വിമോചന മാർഗമോ?' വിഷയത്തിൽ നടന്ന സംവാദം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കലാണ് പണ്ഡിതദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

യുക്തിവാദവും മതനിരാസവും വ്യാപിക്കുന്ന സമൂഹത്തെ ബോധവത്കരിക്കാൻ ഇക്കാലത്ത് മതബോധമുള്ള പണ്ഡിതർ അനിവാര്യമാണ്. ഈ ദിശയിൽ സമൂഹത്തിന് മാതൃകാപരമായ ചുവടുകൾ വെക്കുന്ന സി.ഐ.സിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഹമീദലി തങ്ങൾ പറഞ്ഞു.

മതങ്ങൾ നിലനിൽക്കുന്ന കാലത്തോളം കമ്യൂണിസം വെല്ലുവിളിക്കപ്പെടുമെന്ന് സംവാദത്തിൽ ഉപസംഹാരപ്രസംഗം നിർവഹിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. അജ്നാസ് വാഫി വൈത്തിരി അധ്യക്ഷത വഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി സനദ് ദാന പ്രഭാഷണം നടത്തി.

വാഫി സോണൽ കലോത്സവങ്ങളിൽ മികച്ച മത്സരങ്ങൾ കാഴ്ചവെച്ച വിദ്യാർഥികളുടെ ബെസ്റ്റ് ഇൻ ഫെസ്റ്റ്, അയ്യായിരത്തോളം വാഫി വിദ്യാർഥികളുടെയും അധ്യാപകരുടെയും ക്യൂ ഫോർ റ്റുമോറോ അസംബ്ലി എന്നിവ നഗരിയിലെ പ്രധാന ആകർഷകങ്ങളായി.

സി.ഐ.സി വർക്കിങ് സെക്രട്ടറി ഡോ. അബ്ദുൽ ബർറ് വാഫി സ്വാഗതവും ഡോ. അബ്ദുൽ ജലീൽ വാഫി നന്ദിയും പറഞ്ഞു. വഫിയ കലോത്സവം, വനിതസംഗമം, സെമിനാറുകൾ എന്നിവ വെള്ളിയാഴ്ച നടക്കും.

Tags:    
News Summary - Coordination of Islamic Colleges CIC WAFY WAFIYYA STATE ARTS FEST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.