തിരുവനന്തപുരം: സഹകരണ മേഖലക്കുമേൽ ഇ.ഡി കാട്ടുന്ന അമിതാവേശം ഈ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ സമരവുമായി ജീവനക്കാർ രംഗത്തിറങ്ങുമെന്നും കോഓപറേറ്റിവ് എംപ്ലോയീസ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സഹകരണ മേഖലയാകെ അഴിമതിയാണെന്ന് വരുത്തിത്തീർക്കാനാണ് ഇ.ഡിയുടെ ശ്രമം. കേരളത്തിലെ സഹകരണമേഖല സുരക്ഷിതമല്ലെന്ന് വരുത്തിത്തീർത്ത് മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപങ്ങളിലേക്ക് നിക്ഷേപം വഴിതിരിച്ചുവിടാനുള്ള ഗൂഢനീക്കവും ഇതിന് പിന്നിലുണ്ട്.
സഹകരണ മേഖലയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിനെ ഒരിക്കലും ജീവനക്കാർ അംഗീകരിക്കുന്നില്ല. അഴിമതി ബോധ്യപ്പെട്ടാൽ നടപടിയെടുക്കുന്നതിൽ എതിരുമല്ല. എന്നാൽ, എല്ലാ സഹകരണ ബാങ്കുകളിലും അഴിമതിയാണെന്ന പുകമറ സൃഷ്‌ടിച്ച് സഹകാരികളെയും സാധാരണക്കാരെയും സഹകരണ ബാങ്കിൽനിന്ന് അകറ്റാനാണ് ഇ.ഡിയുടെ പരിശ്രമം.
ഇതിന് പിന്തുനൽകുകയാണ് ചില മാധ്യമങ്ങൾ. 16,255 സഹകരണ സംഘങ്ങളിൽ ഏതാനും സംഘങ്ങളിൽ മാത്രമേ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളൂവെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ കൺവീനർ എൻ.കെ. രാമചന്ദ്രൻ, സി. സുജിത്, പി.എം. വഹീദ, ജോയന്റ് കൺവീനർമാരായ പൊൻപാറ കോയക്കുട്ടി, അമ്പക്കാട്ട് സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.