മുഹമ്മദലി ഫാമിലെ പശുക്കൾക്കൊപ്പം
ചാവക്കാട്: ഇറാൻ യുദ്ധം അടുക്കളയിൽ വരെയെത്തിയതോടെ നാട്ടുകാർ പാചകവാതകത്തിനായി നെട്ടോട്ടമോടുകയാണ്. എന്നാൽ, പുന്നയൂർ പഞ്ചായത്തിലെ അവിയൂർ ഗ്രാമത്തിലെ പൊന്നമ്പത്തയിൽ മുഹമ്മദാലിക്കും അയൽവാസികൾക്കും ഒട്ടും ആശങ്കയില്ല. മുഹമ്മദാലിയും അയൽവാസികളും പാചകത്തിനുപയോഗിച്ച് ബാക്കി വരുന്ന പാചകവാതകം തുറന്ന് വിടുകയാണ്. ഒമ്പത് വർഷമായി പ്രവർത്തിക്കുന്ന ബയോഗാസ് പ്ലാന്റാണ് മുഹമ്മദാലിയുടെ വീട്ടിലെ ആശങ്കയകറ്റുന്നത്. പ്രവാസിയായിരുന്ന മുഹമ്മദലി നാട്ടിൽ സ്ഥിരമാക്കിയ ശേഷം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഒരു പശുവിൽ തുടങ്ങിയ സംരംഭം ഇപ്പോൾ 24 കറവപശുക്കളുള്ള ഡയറി ഫാമായി മാറി. തെങ്ങ്, നെല്ല്, പച്ചക്കറി കൃഷികളോടൊപ്പം വിവിധയിനം മാവുകളും പ്ലാവുകളും ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്.
രണ്ടേക്കറോളം വരുന്ന പുരയിടത്തിൽ തന്നെയാണ് കൃഷി. അഞ്ചേക്കർ നെൽകൃഷി വേറെയും. മൂന്ന് സെന്റിൽ 25 ക്യൂബിക് മീറ്ററിൽ കോൺക്രീറ്റ് ചെയ്ത് നിർമിച്ച ബയോഗ്യാസ് പ്ലാന്റിൽ ചാണകവും മൂത്രവും മാത്രമല്ല മേഖലയിലെ അറവ് ശാലകളിലെ അറവ് മാലിന്യം വരെ നിക്ഷേപിക്കാറുണ്ട്. ഒരു ദിവസം 100 മുതൽ 150 കിലോ വരെ മാലിന്യം നിക്ഷേപിക്കും. അഞ്ച് വീടുകളിലെ ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടും ബാക്കി വരുന്ന പാചകവാതകം തുറന്ന് വിടാറാണ് പതിവ്. പരിസരത്തെ വീടുകളിലേക്ക് പൈപ്പിട്ടാണ് വിതരണം ചെയ്യുന്നത്.
1989 ൽ 27 ാം വയസ്സിൽ ദുബായിലെത്തിയ മുഹമ്മദാലി അടുത്ത വർഷം തന്നെ ഖലീഫ റെസ്‌റ്റോറന്റ് ആരംഭിച്ചു. എന്നാൽ, 54 ാം വയസ്സിൽ പിത്തസഞ്ചിയിൽ കാൻസർ കണ്ടെത്തി. വയറുവേദനയാണ് ആദ്യം കണ്ടത്. പരിശോധനയിലാണ് കാൻസർ കണ്ടെത്തിയത്. 27 വർഷത്തെ പ്രവാസജീവിതമവസാനിപ്പിച്ച് 2014ൽ നാട്ടിലെത്തി. ചികിത്സയോടൊപ്പം വീടിനോട് ചേർന്ന രണ്ടേക്കറിൽ കൃഷി ആരംഭിച്ചു. നിലമ്പൂർ സ്വദേശിയായ ജോലിക്കാരന്റെ സഹായത്തോടെ 12 ബാഗ് തക്കാളിയും എട്ട് ബാഗ് മുളകും കൃഷി ചെയ്തായിരുന്നു തുടക്കം. രണ്ട് പേരുടെ തോളിൽ കൈയിട്ടാണ് അന്ന് നടന്നിരുന്നത്. ചികിത്സയുടെ ഭാഗമായി പിത്തസഞ്ചി നീക്കം ചെയ്തു. കാൻസറിനെ അതിജീവിച്ചു. ചികിത്സയുടെയും വിശ്രമത്തിന്റെയും കാലയളവിൽ കൃഷിയിടത്തിൽ നൂറോളം ഇനം മാവുകളും, പശുക്കളും നിറഞ്ഞു.
മൽഗോവ, കിളിച്ചുണ്ടൻ, ബദ്ദ്, പ്രിയൂർ, നീലൻ, നാം ഡോക് മായ് തായ് ലൻഡ്, ജമ്പോ റെഡ് തായ്‌ലൻഡ് തുടങ്ങി നൂറോളം ഇനം മാവുകളും, വിയറ്റ്‌നാം ഏർലി, റെഡ് ജാക്, ഗംലെസ് തുടങ്ങിയ പ്ലാവുകളും തോട്ടത്തിലുണ്ട്. ഒരു മരത്തിൽ തന്നെ ആറിനം മാങ്ങ കായ്ക്കുന്ന മാവും അയിനി മരത്തടിയിൽ വളരുന്ന പ്ലാവും ഇദ്ദേഹം ബഡ് ചെയ്ത് തയാറാക്കിയിട്ടുണ്ട്. പേരക്ക, നെല്ലി, കുരുമുളക് എന്നിവയുമുണ്ട്. കോഴി, താറാവ് വളർത്തലുമുണ്ട്.കൃഷിയുടെ ലോകത്തേക്ക് തന്നോടൊപ്പമെത്തിയ 24 വയസ്സ് പ്രായമുള്ള പശുവിനെ ഈ 65 കാരൻ ഇപ്പോഴും തന്റെ ഫാമിൽ സംരക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.