വിവാദ കൺസൾട്ടൻസി കരാറുകളും ദുരൂഹ ഇടപെടലുകളും: മുഖ്യമന്ത്രിയെ മാറ്റി നിർത്തി സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കര​​​െൻറ അറിവോടെ നടന്ന എല്ലാ കൺസൽട്ടൻസി കരാറുകളും നിയമനങ്ങളും ദുരൂഹ ഇടപാടുകളും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി സംയുക്ത നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പി.ഡബ്ല്യൂ.സിയുടെ ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൾട്ടൻസി കരാർ റദ്ദാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ അവിഹിത ഇടപെടലുകൾ നടന്നതായി തുറന്ന് സമ്മതിക്കുന്നതാണ്.

കേവലം ഇ-മൊബിലിറ്റിയുടെ കരാർ മാത്രം റദ്ദാക്കിയതു കൊണ്ട് തീരുന്നതല്ല പ്രശ്നം. സ്പ്രിംക്ലർ ഇടപാട്, കെ-ഫോൺ, ബെവ്ക്യൂ, ബ്രൂവറി, കെ.പി.എം.ജി തുടങ്ങി നിരവധി ഇടപാടുകളിൽ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കര​​​െൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപാടുകൾ ദുരൂഹമായിരുന്നു.

നിരവധി കരാർ നിയമനങ്ങളും ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസി​​​െൻറ അഡ്മിനിസ്ട്രേറ്റിവ് ഹെഡായ പ്രിൻസിപ്പൾ സെക്രട്ടറി ഓഫീസ് വഴി ഭരണതലത്തിൽ നടത്തിയ ഇടപാടുകൾ മുഖ്യമന്ത്രി അറിയാതെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാനാവില്ല. കള്ളക്കടത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നയാളായ എം. ശിവശങ്കരനുമായി ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളെക്കാൾ അടുത്ത ബന്ധം പുലർത്തിയ പിണറായി വിജയന് ഈ ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല.

രാഷ്ട്രീയ ധാർമികതയ്ക്ക് വില കൽപിക്കുന്നുവെങ്കിൽ മുഖ്യമന്ത്രിയെ മാറ്റി നിർത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയാറാകണം. സംയുക്ത നിയമസഭാ സമിതിയെ വെച്ച് ഇക്കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച ഇടപാടുകളെ സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

Tags:    
News Summary - controversy on conceltency contract; chief minister should be qustioned-welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.