ന്യൂഡൽഹി: വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആക്ഷേപമുയർന്ന സിനിമ ‘ദ കേരള സ്റ്റോറി’ തടയാനാവില്ലെന്നും സിനിമയുടെ നിലവാരം പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച സിനിമ റിലീസായാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് അടിയന്തരമായി വിലക്കിനുള്ള ഹരജി പരിഗണിക്കണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ആവർത്തിച്ചുള്ള അഭ്യർഥന തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
ഹരജി നേരത്തെ പരിഗണിക്കണമെന്ന ഉത്തരവ് കേരള ഹൈകോടതി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സിനിമക്കെതിരെ ജംഇയ്യത്ത് വെള്ളിയാഴ്ചയും സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതിക്ക് പിന്നാലെ വ്യാഴാഴ്ച മദ്രാസ് ഹൈകോടതിയും സിനിമ നിരോധിക്കണമെന്ന ആവശ്യം തള്ളി ഹരജിക്കാരനോട് കേരള ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ചു.
ഹരജി നേരത്തേ പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും റിലീസാകുന്ന വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്ന് കേരള ഹൈകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വ്യാഴാഴ്ച ഏത് വിധേനയെങ്കിലും കേസെടുപ്പിക്കാനുള്ള ശ്രമം ജംഇയ്യത്തിന് വേണ്ടി ഹാജരായ ഹുസേഫ അഹ്മദി നടത്തിയത്. സുപ്രീംകോടതി പറഞ്ഞത് പ്രകാരം ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചുവെന്നും കേസിനായി ബെഞ്ചുണ്ടാക്കിയെന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്നും ആ ബെഞ്ച് വ്യാഴാഴ്ച ഇരിക്കില്ലെന്നാണ് കേരള ഹൈകോടതി രജിസ്ട്രി അറിയിച്ചതെന്നും ഹുസേഫ അറിയിച്ചു. എന്നാലും ഹൈകോടതിയിലേക്ക് പോകൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഇത് സാധാരണ സിനിമയല്ലെന്നും സിനിമയുടെ ടീസറിലുള്ളത് കണ്ടാൽ തന്നെ സുപ്രീംകോടതിക്ക് ഇക്കാര്യം ബോധ്യമാകുമെന്നും ഹുസേഫ വീണ്ടും വാദിച്ചു. അതിലെ രണ്ട് ഖണ്ഡികകളുടെ പകർപ്പ് മൂന്നംഗ ബെഞ്ചിന് മുമ്പാകെ നീട്ടിയ ഹുസേഫ കോടതി മുറിയിൽ തനിക്ക് വായിക്കാനാവാത്ത ഈ ഖണ്ഡികകളിലേക്ക് ഒന്ന് നോക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ അത് വാങ്ങാൻ കൂട്ടാക്കാതെ ഈ വിഷയം കേൾക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
വിവാദ സിനിമ വിലക്കണമെന്ന ഹരജി അടിയന്തരമായി കേൾക്കാതിരിക്കാൻ മൂന്ന് കാരണങ്ങൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരത്തി. ഒന്ന്- കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ സിനിമയാണിത്. രണ്ട്- സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈകോടതി തള്ളിയതാണ്. മൂന്ന്- സിനിമക്കെതിരായ ഹരജി കേൾക്കില്ലെന്ന് സുപ്രീംകോടതി ബുധനാഴ്ച വ്യക്തമാക്കിയതാണ്. അതിനാൽ ഹൈകോടതിയിലേക്ക് തന്നെ പോകണം. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വളരെ ശ്രദ്ധിക്കണം. സിനിമക്ക് നിലവാരമില്ലെങ്കിൽ അതിന്റെ കാര്യം പ്രേക്ഷകർ തീരുമാനിക്കും.
നടീ നടന്മാരുടെ അധ്വാനവും ചെലവഴിച്ച പണവും കണക്കിലെടുക്കണം. അതിനാൽ സെൻസർ ബോർഡ് സിനിമക്ക് നൽകിയ അംഗീകാരത്തിനെതിരായ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല - ഹുസേഫ അഹ്മദിയോട് ചീഫ് ജസ്റ്റിസ് തീർത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.