പാലക്കാട്: സെക്ഷൻ ഓഫിസുകളിൽ തുടരുന്ന വിരമിച്ചവരുടെ കരാർ നിയമനം നീട്ടി കെ.എസ്.ഇ.ബി. നവംബർ 30ന് തീർന്ന കരാർ കാലാവധി ഫെബ്രുവരി ഒന്നു മുതൽ മൂന്നുമാസം പുതുക്കിനൽകാനാണ് കെ.എസ്.ഇ.ബി ബോർഡ് തീരുമാനം. സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാനെന്ന പേരിലെടുത്ത ഈ തീരുമാനം ‘സ്പെഷൽ റൂൾസി’നുള്ള അംഗീകാരനടപടി വൈകുമെന്നതിന്റെ സൂചനയാണ്. ഇതോടെ പി.എസ്.സി നടപടികൾ വൈകുമെന്നതിനാൽ താഴേതട്ടിലെ വർക്ക്മെൻ, ലൈൻമാൻ തസ്തികകളിൽ ജോലി പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും.
കഴിഞ്ഞ വർഷം മേയിലാണ് ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിൽ വിരമിച്ചവരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനമെടുത്തത്. കരാർ നിയമനങ്ങൾക്കുള്ള ദിവസവേതനം 750 രൂപയിൽനിന്ന് 950 രൂപയാക്കി ഉയർത്തിയതോടെ ധാരാളം പേർ ഇത്തരത്തിൽ ജോലിക്കു കയറുകയും ചെയ്തു. ഇലക്ട്രിസിറ്റി വർക്കർമാർക്ക് മുമ്പ് പത്താം ക്ലാസ് പരാജയമായിരുന്നു യോഗ്യത. അത് ഒഴിവാക്കി ടെക്നീഷ്യൻ എന്ന പേരിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ എടുക്കാനാണ് സ്പെഷൽ റൂൾസ് ആവശ്യപ്പെടുന്നത്. ഇനി പി.എസ്.സി വിജ്ഞാപനം വന്നാലും ഐ.ടി.ഐ ആയിരിക്കും യോഗ്യത.
നിലവിൽ കെ.എസ്.ഇ.ബിയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തസ്തികകളിലായി രണ്ടായിരത്തിലേറെ ജീവനക്കാരുടെ കുറവാണുള്ളത്. ആവശ്യമായ ജീവനക്കാരുടെ 20 ശതമാനം കുറവ്. പ്രതിവർഷം വിരമിക്കുന്നവരിൽ 70 ശതമാനം പേരും ഫീൽഡ് ജീവനക്കാരാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗം കാത്തിരിക്കുന്ന നിരവധി പേർക്കുള്ള അവസരമാണ് കരാർ നിയമനത്തിലൂടെ കെ.എസ്.ഇ.ബി ഇല്ലാതാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. പൊതുമേഖലകളിൽനിന്ന് വിരമിച്ചവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്ന ഇടതു യുവജന സംഘടനകളിൽനിന്നുപോലും എതിർപ്പ് ഉയർന്നിരുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണമെന്ന് നിയമമുണ്ടെങ്കിലും കെ.എസ്.ഇ.ബി മുഖവിലക്കെടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.