350 രൂപ അധികവില ഈടാക്കി; ആമസോണിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധികവില ഈടാക്കിയ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കമീഷന്‍റെ ഉത്തരവ്.

ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബൽ ഓൺലൈനിൽ പരാതിക്കാരൻ ഓർഡർ ചെയ്തു. എന്നാൽ, ഉൽപന്നം വാങ്ങിയപ്പോൾ 450 രൂപ നൽകാൻ നിർബന്ധിതനായി. 100 നോട്ടറി സിംബലിന് 98 രൂപയാണ് നൽകേണ്ടതെന്ന് പിന്നീട് പരാതിക്കാരന് ബോധ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബളിപ്പിക്കുകയാണ് എതിർ കക്ഷി ചെയ്തതെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരനായ അഭിഭാഷകൻ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.

ഡിസ്കൗണ്ട് നിരക്ക് പരസ്യം ചെയ്ത് പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാർമിക വ്യാപാര രീതിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചുനൽകണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന്​ നൽകണമെന്ന് കമീഷൻ ഉത്തരവ് നൽകി. പരാതിക്കാരനുവേണ്ടി അഡ്വ. ആർ. രാജരാജവർമ കമീഷൻ മുമ്പാകെ ഹാജരായി.

Tags:    
News Summary - Consumer Disputes Redressal Commission imposes Rs 15,000 fine on Amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.