പയ്യന്നൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ഭൂമിയിലെ നിർമാണ പ്രവൃത്തികൾ നടത്തുന്നത് സംബന്ധിച്ച് അനുമതി നൽകുന്നതിനുമുമ്പ് സ്ഥലപരിശോധന നടത്തി ഡേറ്റ ബാങ്കിൽ നിലമല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറിലാണ് സ്ഥലം പരിശോധിച്ച് ഉറപ്പുവരുത്താൻ നിർദേശിച്ചത്.
അപേക്ഷകന്റെ പ്രമാണങ്ങളിലും കൈവശ സർട്ടിഫിക്കറ്റിലും നിർമാണ സ്ഥലത്തിന്റെ തരം നിലം എന്ന് രേഖപ്പെടുത്തിയത് മുഖവിലക്കെടുക്കാതെ കേരള നെൽവയൽ തണ്ണീർത്തട നിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിവിധ പഞ്ചായത്തുകളിൽനിന്നും നഗരസഭകളിൽനിന്നും നിർമാണാനുമതി നൽകുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ. നിയമം ലംഘിച്ചുള്ള നിർമാണത്തിനെതിരെ വൻതോതിൽ പരാതി ഉയർന്നതിനെത്തുടർന്ന് ചീഫ് ടൗൺ പ്ലാനർ വിജിലൻസ് വിഭാഗം വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പരിശോധന കർശനമാക്കാൻ ഉത്തരവായത്.
വേണ്ടത്ര പരിശോധന നടത്താതെ നിർമാണാനുമതി നൽകുകയും പിന്നീട് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പെർമിറ്റ് റദ്ദാക്കുകയും അതുവഴി സർക്കാർ സംവിധാനങ്ങളെ അനാവശ്യമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇത്തരം വിഷയത്തിൽ നിർമാണാനുമതി നൽകുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കുന്ന സമയംതന്നെ പരാമർശിത ഭൂമി സ്വഭാവവ്യതിയാനം വരുത്തുന്നതിനുമുമ്പ് അത് കേരള നെൽവയൽ തണ്ണീർതട നിയമങ്ങൾ 2018 പ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടുണ്ടോയെന്നും ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ സ്വഭാവം എന്താെണന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ സശ്രദ്ധം പരിശോധിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ നിയമാനുസൃതമാണെങ്കിൽ മാത്രം പെർമിറ്റ് നൽകേണ്ടതാണ്. ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നതിനാണ് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർക്ക് നിർദേശം നൽകിയത്.
ഉത്തരവ് വന്നതോടെ നിർമാണ പ്രവൃത്തിക്കുവേണ്ടി അപേക്ഷ നൽകിയ ഉപഭോക്താക്കൾ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കർശനപരിശോധന നടത്താതെ അനുമതി നൽകിയാൽ ഉത്തരം പറയേണ്ടിവരുമെന്നതിനാൽ പ്രാദേശിക മേധാവികൾ പെട്ടെന്ന് അനുമതി നൽകാൻ തയാറാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.