േകാഴിക്കോട്: ലോക്ഡൗൺ ഇളവുകൾ ലഭിച്ചിട്ടും കരകയറാതെ സ്തംഭനാവസ്ഥയിൽ നിർമാണ മേഖല. സാമഗ്രികളുടെ വിലക്കയറ്റമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ കരാറുകാരും വീടുനിർമിക്കുന്ന സാധാരണക്കാരുമടക്കം പണി പുനരാരംഭിക്കാൻ സർക്കാർ ഇടപെടൽ പ്രതീക്ഷിച്ചിരിക്കയാണ്. സിമൻറിനാണ് പ്രധാനമായും വില വർധിച്ചത്. ചാക്കിന് 40 മുതൽ 60 രൂപവരെയാണ് വില കൂടിയത്. രണ്ടാഴ്ച മുമ്പ് ഡീലർ ഡിസ്കൗണ്ട് നിർത്തലാക്കിയതും കമ്പനികൾ വില വർധിപ്പിച്ചതുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ലോക്ഡൗണിന് മുമ്പ് 350 മുതൽ 380 രൂപവരെയായിരുന്നു ചാക്ക് സിമൻറിെൻറ വില.
ഇതിപ്പോൾ 430 രൂപവരെയായാണ് ഉയർന്നത്. നൂറുചാക്ക് സിമൻറിെൻറ പ്രവൃത്തിക്ക് സിമൻറിനുമാത്രം 5000 രൂപ അധികം കാണേണ്ട സ്ഥിതിയാണുള്ളത് എന്നാണ് കരാറുകാർ പറയുന്നത്. സിമൻറ് വിലയിൽ കമ്പനികൾ നൽകിയ ഇളവുകൾ ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയതും വിലവർധിപ്പിച്ചതുമാണ് വിലക്കയറ്റത്തിനിടയാക്കിയതെന്ന് കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.വി. സക്കീർ ഹുസൈനും ജനറൽ സെക്രട്ടറി ഇഫ്സുൾ റഹ്മാനും അറിയിച്ചു. മലബാർ സിമൻറ്സ് അടക്കം ഡിസ്കൗണ്ടുകൾ നിർത്തലാക്കി. ചർച്ച നടത്തി വില കുറക്കാൻ നടപടി സ്വീകരിക്കണം - ഇരുവരും ആവശ്യപ്പെട്ടു. കമ്പി, എംസാൻഡ്, മെറ്റൽ എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. ഉൽപാദനം പൂർവ സ്ഥിതിയിൽ നടക്കാത്തതിനാലാണ് വില കൂടിയത് എന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്. മെറ്റലിനും എംസാൻഡിനും ഫൂട്ടിന് ചിലർ അഞ്ചുരൂപവരെയാണ് വർധിപ്പിച്ചത്.
സാമഗ്രികളുെട വില വർധിച്ചതോെട തദ്ദേശ സ്ഥാപനങ്ങളുടെയടക്കം പ്രവൃത്തികളും കരാറുകാർ നീട്ടിക്കൊണ്ടുപോവുകയാണ്. മഴ ശക്തമായാൽ പ്രവൃത്തികൾ മുടങ്ങുന്ന സാഹചര്യവും പലയിടത്തുമുണ്ട്. നിലവിൽ ഇരുപത് ശതമാനത്തിൽ താഴെമാത്രം പ്രവൃത്തിയാണ് പുനരാരംഭിച്ചത്. കുറച്ച് തൊഴിലാളികളെ മാത്രമെ ജോലിക്ക് നിയോഗിക്കാവൂ എന്ന സർക്കാർ നിർദേശവും ചിലയിടങ്ങളിൽ തിരിച്ചടിയാണ്. അതിനിടെ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ വൻതോതിൽ നാട്ടിലേക്ക് മടങ്ങുന്നത് ബഹുനില ഫ്ലാറ്റുകൾ പോലുള്ള വൻകിട നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തടസ്സമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.