നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും, ഒരു വർഷത്തിനകം പൂർത്തിയാകും; വന്ദേഭാരതിനും ഇന്‍റർസിറ്റിക്കും സ്റ്റോപ്പ്

കൊച്ചി: വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഈ വർഷം ഡിസംബറിൽ നിർമാണത്തിന് തുടക്കമിട്ട് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേയുടെ പദ്ധതി.

നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്നുള്ള സോളാർ പാടത്തോട് ചേർന്നാണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താവുന്ന തരത്തിൽ രണ്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയിൽ നിർമിക്കുക. അത്താണി ജങ്ഷൻ-എയർപോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന്‍റെ സമീപത്ത് നിന്നാണ് പ്ലാറ്റ്ഫോം ആരംഭിക്കുക.

ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട്ട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങൾ ഉണ്ടാകും. ചൊവ്വര-നെടുവണ്ണൂർ -എയർപോർട്ട് റോഡിലാവും സ്റ്റേഷന്‍റെ പ്രധാന കവാടം. 'കൊച്ചിൻ എയർപോർട്ട്' എന്ന പേര് ശിപാർശ ചെയ്തിട്ടുള്ള റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത്, ഇന്‍റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്ട്രിക് ബസുകളിൽ എത്തിക്കും. 19 കോടി രൂപയാണ് നിർമാണചെലവ്.

2010ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറിൽ ഇ. അഹമ്മദ് മന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷന് നിർമാണ അനുമതി നൽകിയത്. ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് റെയിൽവേ പദ്ധതി ഉപേക്ഷിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ കേരളാ സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പദ്ധതി ശ്രദ്ധയിൽപ്പെടുത്തി.

റെയിൽവേ സ്റ്റേഷന്‍റെ നിർമാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്ന് സതേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായി നടത്തിയ പരിശ്രമത്തിന്‍റെ ഫലമായാണ് റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നതെന്ന് ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Construction of Nedumbassery railway station to begin in December; stop for Vande Bharat and Intercity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.