അരൂർ - തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾക്ക് കർശന നിയന്ത്രണം

കൊച്ചി: അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻറെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ഭാര വാഹനങ്ങളെ ദേശീയ പാതക്ക് പകരം വിവിധ പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിൻ്റേയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ച് വിടാനാണ് തീരുമാനം. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി വന്ന് മക്കേക്കടവിൽ നിന്ന് തിരിഞ്ഞ് തുറവൂരിലേക്ക് പോകാം.

ആലപ്പുഴ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് തുറവൂർ ടി.ഡി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു എഴുപുന്ന, കുമ്പളങ്ങി വഴി തീരദേശ പാതയിലൂടെ തോപ്പുംപടിയിലെത്തി ബി.ഒ.ടി പാലം വഴി മരടിലേക്ക് കടക്കാനാകും. ഈ റോഡുകളുടെ നവീകരണത്തിനും മറ്റുമായി എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കുമ്പളം ടോൾ പ്ലാസക്ക് അപ്പുറത്തേക്ക് വാഹനങ്ങളെ കടത്തിവിടില്ല. അതേസമയം തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങളെല്ലാം അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴി വേണം പോകാൻ. നിർമാണ തൊഴിലാളികളുടേയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ഗതാഗതക്കുരുക്ക് കുറക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.

ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ അവബോധം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി തിരിഞ്ഞ് പോകുന്ന പ്രദേശങ്ങളിൽ ട്രാഫിക് വാർഡന്മാരുടെയും പൊലീസിൻറെയും സേവനം ഉപയോഗപ്പെടുത്തും. ഇതിന് വേണ്ട ചിലവ് ദേശീയ പാതാ അതോറിറ്റി വഹിക്കും.

ഡൈവേർഷൻ വരുന്ന പ്രദേശങ്ങൾക്ക് അര കിലോമീറ്റർ മുൻപിലായി വലിയ സൂചനാ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലും വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ബോർഡുകൾ സ്ഥാപിക്കുക. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ സൈറ്റ് വിസിറ്റുകളും സുരക്ഷാ ഓഡിറ്റിംഗും നടത്താനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്, ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹന ചന്ദ്രൻ, ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ മീണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Construction of Arur-Thuravur Elevated Road: Strict control for vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.