അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപി​െൻറ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയത്. 120ബിക്കൊപ്പമാണ് 302 വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകി.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്ത് ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളെ എതിർത്ത് ക്രൈംബ്രാഞ്ച് എസ്.പി എം. പി മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനകളാണ് നിലവിലെ തെളിവുകൾ നൽകുന്നത്.

സത്യം പുറത്തുകൊണ്ടുവരാൻ ദിലീപ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരുമാണ്. ഇതു സാധാരണഗതിയുള്ള ഗൂഢാലോചനക്കേസല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് ദിലീപെന്നു കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയാണ്.

നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ തുടക്കം മുതൽ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപിനെ സഹായിക്കുന്ന തരത്തിൽ 20ഓളം സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ട് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിചാരണകോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ നിയോഗിച്ച രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചു. ഇതിലും ദിലീപിനുള്ള പങ്ക് വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം വളരെ പ്രത്യേകതയും ഗൗരവവുമുള്ള സംഭവമാണ്. സാധാരണഗതിയിൽ ഗൂഢാലോചനക്കേസുകളിൽ തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

എന്നാൽ, ഇവിടെ ദൃക്‌സാക്ഷി തന്നെ മൊഴിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജനുവരി 13ന് ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഉൾപ്പെടെ 19 സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ നിന്നുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് കൊച്ചിയിലെ റീജനണൽ ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

Tags:    
News Summary - Conspiracy to endanger investigating officers of actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.