യുവാവിനെ പൊലീസ്​ മർദിച്ചതിനെതിരെ എറണാകുളം കസബ സ്റ്റേഷനിലേക്ക് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് മാർച്ച്

കൊച്ചി: കാക്കനാട് തുതിയൂർ സ്വദേശിയെ എറണാകുളം കസബ പൊലീസ്​ മർദിച്ചതിനെതിരെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസബ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വൈകീട്ട് മൂന്നരയോടെ ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രവർത്തരുടെ ആവശ്യം.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാക്കനാട് തുതിയൂർ സ്വദേശിയായ റെനീഷ് എന്ന യുവാവിനെ എറണാകുളം കസബ പൊലീസ്​ മർദിച്ചതായാണ്​ പരാതി. ഇദ്ദേഹം കാക്കനാട് സഹകരണ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.


നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നൽകുന്ന കമ്പനിയിലെ ജീവനക്കാരായ റെനീഷും സുഹൃത്തും തൊഴിലാളികളെ അന്വേഷിച്ച് നോർത്ത് പാലത്തിന് സമീപമെത്തുകയായിരുന്നു. കടുത്ത വെയിലായതിനാൽ പാലത്തിനടിയിൽ വിശ്രമിക്കവെ യൂനിഫോമിലും മഫ്തിയിലുമെത്തിയ കസബ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും കാര്യം തിരക്കിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്റ്റാറുള്ള ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട്​ അടിച്ചെന്നുമാണ്​ റെനീഷ് പറയുന്നു.

അതിനെ എതിർത്തപ്പോൾ നാലുവട്ടം മുഖത്തടിച്ച്​. പിന്നീട് ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. അടികിട്ടിയതിന് പിന്നാലെ ഛർദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. ഇതോടെ പൊലീസ്​ എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു.

വിവരമറിഞ്ഞ് കമ്പനിയിലെ മാനേജർ എത്തിയാണ് യുവാവിനെ ജാമ്യത്തിലിറക്കിയത്. കേസുകളൊന്നുമില്ലെന്നും സംശയത്തിന്‍റെ പേരിലാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞതായും യുവാവ് പറയുന്നു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെയാണ് കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ് അടക്കമുള്ള പരിശോധനകൾക്ക് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

വിവരമറിഞ്ഞ് ഉമ തോമസ് എം.എൽ.എ അടക്കമുള്ളവർ ആശുപത്രിയിൽ എത്തി. മർദനത്തിനെതിരെ നിയമപരമായി നീങ്ങാനാണ് യുവാവിന്‍റെയും കുടുംബത്തിന്‍റെയും തീരുമാനം. അതേസമയം, സംശയാസ്പദമായി കണ്ട യുവാവിനോട് രേഖകൾ കാണിക്കാൻ പറഞ്ഞപ്പോൾ കാണിച്ചില്ലെന്നും തുടർന്ന് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.

Tags:    
News Summary - Congress-Youth Congress protest against police beating of youth in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.