തൃശൂർ: വന്ദേമാതരം അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് പാർട്ടിയെ കോൺഗ്രസ് പിന്തുണക്കുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ബി.ജെ.പി സിറ്റി ജില്ല കമ്മിറ്റി തൃശൂർ കോർപറേഷൻ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ഭാരത് മാതാ പൂജയും പ്രതിഷേധ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭാരതാംബയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞവർക്ക് അനുകൂലമായി കോൺഗ്രസ് പ്രവർത്തിക്കുന്നത് ചരിത്രം മറന്നതുകൊണ്ടാണ്. 1936ൽ മഹാത്മാ ഗാന്ധി ഉദ്ഘാടനം ചെയ്ത ഭാരതമാതാ ക്ഷേത്രവും അവിടത്തെ അഖണ്ഡ ഭാരതത്തിന്റെ ഭൂപടവും കോൺഗ്രസിന്റെ അഖിലേന്ത്യ, കേരള നേതൃത്വങ്ങൾ ഓർക്കണം. പൂർവകാല ചരിത്രങ്ങൾ പരിശോധിച്ചിരുന്നെങ്കിൽ ഭാരതാംബ വിവാദത്തിൽ കമ്യൂണിസ്റ്റുകാരുടെ പക്ഷം ചേരുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലായിരുന്നു.
ഗാന്ധിജി മുന്നോട്ടുവെച്ച ഐക്യത്തെ എതിർത്തവരാണ് കമ്യൂണിസ്റ്റുകാർ. സ്റ്റാലിനെ ആരാധിക്കുന്നവർക്ക് രാജ്യത്തേക്കാൾ വലുത് പാർട്ടിയാണെന്നും അവർ കുറ്റപ്പെടുത്തി.
സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അജിഘോഷ്, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, വിബിൻ അയിനിക്കുന്നത്ത് എന്നിവർ ധർണക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.