'ചീള് കേസൊന്നുമല്ല..വലിയ തിമിംഗലമാണ്, ആർ.എസ്.എസിന്റെ പൊന്നോമന പുത്രനാണ്, എറണാകുളത്തെ മിക്ക ഡീലുകൾക്ക് പിന്നിലുമുള്ളയാളാണ്'; എ.എൻ രാധാകൃഷ്ണനെതിരെ സന്ദീപ് വാര്യർ

കോഴിക്കോട്: പകുതി വിലക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തു സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയ കേസിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.

എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലുമുള്ള ഒന്നാന്തരം കച്ചവടക്കാരനാണ് എ.എൻ രാധാകൃഷ്ണൻ. ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് ആയിരം കോടിയിലധികം രൂപ തട്ടിയ പ്രതിയുമായി അദ്ദേഹത്തിന്റെ ബന്ധം എന്താണെന്ന് വ്യക്തമാക്കാണമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സംഘപരിവാറിന്റെ ഫണ്ട് റൈസറാണ് എ.എൻ രാധാകൃഷ്ണൻ. ചീള് കേസ് ഒന്നുമല്ലെന്നും വലിയ തിമിംഗലമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

എ.എൻ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്കൂട്ടർ 60000 രൂപക്ക് നൽകാൻ പോകുന്നതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

ആർ.എസ്.എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രനാണ് എ.എൻ രാധാകൃഷ്ണൻ. രാധാകൃഷ്ണനെ സംരക്ഷിക്കാൻ കെ സുരേന്ദ്രനും ബി.ജെ.പി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകള്‍ക്ക് പിറകിലും ഉള്ള ഒന്നാന്തരം കച്ചവടക്കാരന്‍. ആര്‍എസ്എസ് നേതൃത്വത്തിന്റെ പൊന്നോമന പുത്രന്‍. സംഘപരിവാറിന്റെ ഫണ്ട് റൈസര്‍.

സംസ്ഥാനത്തുടനീളം പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞു ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീകളെ വഞ്ചിച്ച് ആയിരം കോടി രൂപയില്‍ അധികം തട്ടിയ പ്രതിയുമായി എ.എന്‍ രാധാകൃഷ്ണന്റെ ബന്ധം എന്താണ്?

എ.എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന സ്‌കൂട്ടര്‍ 60000 രൂപയ്ക്ക് നല്‍കാന്‍ പോകുന്നത്? ഈ കടലാസ് സംഘടനയ്ക്ക് ആരാണ് സിഎസ്ആര്‍ ഫണ്ട് കൊടുത്തിട്ടുള്ളത് ? ഇത്തരം ഉടായിപ്പ് പരിപാടിക്ക് ഏത് കമ്പനിയാണ് സിഎസ്ആര്‍ കൊടുക്കാന്‍ പോകുന്നത്?

ഏകദേശം 8000 സ്‌കൂട്ടറുകള്‍ ഈ രീതിയില്‍ നല്‍കിയെന്നു പറയുന്നു . അങ്ങനെയാണെങ്കില്‍ 50 കോടി രൂപയോളം ഈ ഇനത്തില്‍ സ്‌കൂട്ടര്‍ കമ്പനികള്‍ക്ക് കൊടുക്കാന്‍ എവിടെ നിന്ന് അധിക ഫണ്ട് ലഭിച്ചു? തട്ടിപ്പ് കേസില്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുള്ള അനന്തു കൃഷ്ണന് ഏ എന്‍ രാധാകൃഷ്ണന്റെ സംഘടന അവാര്‍ഡ് നല്‍കിയിട്ടില്ലേ?

അനന്തു കൃഷ്ണന്റെ സംഘടനയുടെ അക്കൗണ്ടിലേക്ക് എ.എന്‍ രാധാകൃഷ്ണന്റെ സംഘടന പാവങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കൈമാറിയിട്ടുണ്ടോ?

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്രമല്ല സംസ്ഥാന കോര്‍ കമ്മിറ്റി അംഗം എന്ന പദവിയിലും ഇരിക്കെ സൈന്‍ എന്ന പേരില്‍ ഒരു സമാന്തര സംഘടന ഉണ്ടാക്കി മണി ചെയിന്‍ മോഡലില്‍ ആളുകളെ ചേര്‍ത്ത് സ്‌കൂട്ടര്‍ കച്ചവടം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ടോ?

ബി.ജെ.പി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതി എന്ന പേരിലാണ്. മിക്കവാറും എല്ലാ പരിപാടികളിലും എ.എന്‍ രാധാകൃഷ്ണന്‍ സജീവ സാന്നിധ്യമായിരുന്നു. രാധാകൃഷ്ണനെ സംരക്ഷിക്കാന്‍ കെ സുരേന്ദ്രനും ബിജെപി നേതാക്കളും നടത്തുന്ന നീക്കം ലജ്ജാകരമാണ്. ആയിരക്കണക്കിന് സ്ത്രീകളുടെ കെട്ടു താലി വരെ പണയം വെപ്പിച്ച് പണം തട്ടിയ ആളുകള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. 

Full View


Tags:    
News Summary - Congress spokesperson Sandeep Varier has made allegations against BJP state vice president A.N. Radhakrishnan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.