രാഹുൽ ഗാന്ധി
തിരുവനന്തപുരം: കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുമായി ബി.ജെ.പി വക്താവും മുൻ എ.ബി.വി.പി നേതാവുമായ പ്രിന്റു മഹാദേവ്. ലഡാക്കിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു വധഭീഷണി. ന്യൂസ് 18 കേരള ചാനലിലാണ് ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിവെക്കുമെന്നായിരുന്നു പരാമർശം.
പരാമർശം വിവാദമായതിന് പിന്നാലെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. പൊലീസ് ഉടൻ പ്രിന്റു മഹാദേവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവ് ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയർത്തിയത് ഗൗരവകരമായ കാര്യമാണ്. പിണറായി വിജയൻ സർക്കാറിന് കീഴിൽ പൊലീസും ബി.ജെ.പിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്നും ഇതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വി.ഡി സതീശനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നത്. പൊലീസ് ഇതുവരെ സംഭവത്തിൽ സ്വമേധയ കേസെടുത്തിട്ടില്ല. ഇത്തരം വാക്കുകൾ രാഹുലിനെ നിശബ്ദനാക്കില്ല. അവർ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാനാണ് നോക്കുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ അതിന് സമ്മതിക്കില്ല. രാഹുൽ കീഴടങ്ങാൻ പോകുന്നില്ല. വർഗീയതക്കെതിരായ പോരാട്ടം രാഹുൽ തുടരും. പിണറായി വിജയൻ സർക്കാർ ബി.ജെ.പിക്ക് കീഴടങ്ങിയതിനാലാണ് ഇക്കാര്യത്തിൽ കേസെടുക്കാത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.