ഗുരുവായൂര്‍: കെ.പി.സി.സി നിര്‍ദേശമനുസരിച്ച് വിഭജിച്ച മണ്ഡലം കമ്മിറ്റികളെല്ലാം വീണ്ടും ഒന്നാക്കുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിനുവേണ്ടിയാണ് വലിയ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ രണ്ടുവര്‍ഷം മുമ്പ് തീരുമാനിച്ചത്. 20 ബൂത്തില്‍ അധികമുള്ള മണ്ഡലങ്ങള്‍ വിഭജിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് പലയിടത്തും മണ്ഡലങ്ങള്‍ വിഭജിച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ചു. തൃശൂര്‍ ഡി.സി.സിക്ക് കീഴിലാണ് ഇത്തരം വിഭജനം ഏറെയും നടന്നത്.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ വടക്കേകാട് ബ്ലോക്കിലെ എല്ലാ മണ്ഡലങ്ങളും ഈ നിര്‍ദേശമനുസരിച്ച് വിഭജിച്ചിരുന്നു. നേരത്തേ നാല് മണ്ഡലങ്ങളായിരുന്ന ഇവിടെയിപ്പോള്‍ എട്ട് മണ്ഡലം കമ്മിറ്റികളുണ്ട്. എന്നാല്‍, പുതിയ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നതോടെ നേരത്തേ വിഭജിച്ച മണ്ഡലങ്ങളെല്ലാം ഒന്നാക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം. വിഭജിക്കപ്പെട്ട പലയിടത്തും ഒരു മണ്ഡലം കമ്മിറ്റി സജീവമാകുകയും ഒരെണ്ണം നിര്‍ജീവമാവുകയും ചെയ്ത അവസ്ഥയായിരുന്നുവെന്ന് പറയുന്നു. പല പഞ്ചായത്തുകളിലും രണ്ട് മണ്ഡലം കമ്മിറ്റികളാകുന്ന അവസ്ഥയായി. സി.പി.എമ്മില്‍ ഇത്തരത്തില്‍ ഒരേ തദ്ദേശ സ്ഥാപന പരിധിയില്‍ പല ലോക്കല്‍ കമ്മിറ്റികള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഈ രീതി പരിചിതമായിരുന്നില്ല.
പഞ്ചായത്തിനെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നങ്ങളിലെ ഇടപെടല്‍ ഏത് കമ്മിറ്റിയുടെ നേതൃത്വത്തിലാവണമെന്നത് തര്‍ക്കമാവുന്ന അവസ്ഥയുമുണ്ടായി. ഇതിനുപുറമെ മണ്ഡലം ഭാരവാഹിത്വത്തിലെ ഗ്രൂപ് സമവാക്യങ്ങളും തകിടം മറിഞ്ഞു. പലയിടത്തും ഇതിന്റെ പേരില്‍ പ്രശ്നങ്ങളും ഉടലെടുത്തു. തൽക്കാലം പുതിയ കമ്മിറ്റികളുടെ രൂപവത്കരണം റദ്ദാക്കാനും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമ്പോള്‍ വിഭജനത്തിന് മുമ്പുണ്ടായിരുന്ന മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാക്കാനുമാണ് തീരുമാനം. എന്നാല്‍, മണ്ഡലം കമ്മിറ്റികളുടെ എണ്ണം കുറയുമ്പോള്‍ സ്ഥാനം നഷ്ടമാകുന്ന ഭാരവാഹികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്നത് നേതൃത്വത്തിന് മുന്നില്‍ കീറാമുട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.