തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി നിയോഗിച്ച ഏഴംഗ ഉപസമിതി ആദ്യഘട്ട സൂക്ഷ്മപരിശോധന നടപടികൾ പൂർത്തീകരിച്ചു. തുടർച്ചയായി കഴിഞ്ഞ മൂന്നുദിവസവും രാത്രി വൈകിയും ഉപസമിതി യോഗംചേർന്നാണ് ആദ്യഘട്ട ചുരുക്കപ്പട്ടിക തയാറാക്കിയത്. ബ്ലോക്ക് പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്.
ജില്ല പുനഃസംഘടനാ സമിതി ഐകകണ്ഠ്യേന ജില്ലകളിൽനിന്ന് നൽകിയ പേരുകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ശേഷിച്ച ബ്ലോക്കുകളിലാണ് ഉപസമിതി നടത്തിയ പരിശോധനയിലൂടെ ചുരുക്കപ്പട്ടിക തയാറായത്. ബന്ധപ്പെട്ട ജില്ലകളിലെ പ്രധാന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുമായി ചർച്ച നടത്തിയശേഷമായിരിക്കും അന്തിമപട്ടിക സംസ്ഥാന പുനഃസംഘടന സമിതി തയാറാക്കുക. ഈമാസം 25നകം അന്തിമപട്ടിക കെ.പി.സി.സി യുടെ അംഗീകാരത്തിന് സമർപ്പിക്കാനാണ് തീരുമാനം.
70 ബ്ലോക്കുകളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ലകളിൽനിന്നുതന്നെ ഒറ്റപ്പേരാണ് ഉപസമിതിക്ക് ലഭിച്ചത്. ശേഷിക്കുന്നിടങ്ങളിൽ ആദ്യഘട്ട സൂക്ഷ്മപരിശോധന പൂർത്തീകരിച്ച് മിക്കയിടങ്ങളിലും ഒറ്റ പ്പേരിലേക്ക് ഉപസമിതി ഏകദേശധാരണയിലെത്തിയിട്ടുണ്ട്. ഈ മാസം 20നോ അതിനു ശേഷമോ ആയിരിക്കും ഉപസമിതി ഇനി യോഗം ചേരുക. അതിനുമുമ്പ് ഉപസമിതിയംഗങ്ങൾ ജില്ല നേതാക്കളുമായി സംസാരിച്ച് പേരുകളിൽ പൂർണ ധാരണയുണ്ടാക്കും. ഒഴിവാക്കപ്പെടുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽനിന്ന് പ്രവർത്തന മികവുള്ളവരെ ജില്ല ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരും. അതിനാൽ പുതിയ ബ്ലോക്ക്പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായശേഷമായിരിക്കും ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയാറാക്കുക.
കൊടിക്കുന്നില്‍ സുരേഷ്, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, എ.പി. അനില്‍ കുമാര്‍, എം. ലിജു, ടി. സിദ്ദീഖ്, കെ. ജയന്ത് എന്നിവരാണ് ഉപസമിതിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.