ജഷീർ പള്ളിവയൽ
കൽപറ്റ: വയനാട് ജില്ല പഞ്ചായത്തിലേക്ക് വിമതനായി മത്സരിക്കാനിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ നാമനിർദേശ പത്രിക പിൻവലിച്ചു. ഡി.സി.സി ഓഫിസിൽ പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പത്രിക പിൻവലിച്ചത്. ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽനിന്ന് മത്സരിക്കാനാണ് പത്രിക നൽകിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ജഷീറുമായി സംസാരിക്കുകയും തിങ്കളാഴ്ച ഡി.സി.സി ഓഫിസിൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തതിനൊടുവിലാണ് പത്രിക പിൻവലിച്ചത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും തനിക്ക് പരിക്ക് പറ്റിയെങ്കിലും പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ പരിക്ക് പറ്റരുതെന്നും ഇതിനാലാണ് പത്രിക പിൻവലിച്ചതെന്നും ജില്ലയിലെ ചില നേതാക്കളാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും ജഷീർ പറഞ്ഞു. നിലവിൽ കൽപറ്റ േബ്ലാക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷൻ അംഗമാണ് ജഷീർ. നിരവധി ജനകീയ സമരങ്ങളിൽ പങ്കെടുക്കുകയും പൊലീസ് മർദനമടക്കം ഏറ്റുവാങ്ങുകയും ചെയ്ത ജഷീർ ഇത്തവണ സ്വന്തം നാട് ഉൾക്കൊള്ളുന്ന തോമാട്ടുചാൽ ഡിവിഷനിൽ മത്സരിക്കാൻ തയാറെടുത്തിരുന്നു. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക വ്യാഴാഴ്ച രാത്രി പുറത്തുവന്നപ്പോൾ തോമാട്ടുചാലിൽ വി.എൻ. ശശീന്ദ്രനാണ് ടിക്കറ്റ് നൽകിയത്. ഇതോടെയാണ് ജഷീർ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയത്.
കോൺഗ്രസുകാരനായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹമെന്നും പാർട്ടി തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പത്രിക നൽകിയശേഷം ജഷീർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. തന്റെ പേരില്ല എന്നറിഞ്ഞ് എൽ.ഡി.എഫിലെ ഘടകകക്ഷി നേതാക്കളടക്കം 21 തവണയാണ് തന്നെ വിളിച്ചത്. തനിക്ക് സീറ്റില്ലെന്ന് തന്നെക്കാൾ മുമ്പേ മറ്റു പാർട്ടിക്കാർ അറിഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാത്രി വൈകുംവരെ താൻ സ്ഥാനാർഥിപ്പട്ടികയും കാത്ത് ഡി.സി.സി ഓഫിസിന് മുന്നിൽ നിന്നുവെന്നും ജഷീർ പറഞ്ഞു.
അതേസമയം, നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഇത്തവണ മത്സരിക്കുന്ന പനമരം േബ്ലാക്ക് പഞ്ചായത്തിലെ പൂതാടി ഡിവിഷനിലെ വിമത സ്ഥാനാർഥി പത്രിക പിൻവലിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാവും കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായ ബിനു ജേക്കബാണ് ഇവിടെ വിമതൻ. ജില്ല നേതൃത്വം തനിക്ക് ഈ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ സംഷാദ് മരക്കാര്‍ സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് സ്ഥാനാര്‍ഥിയായതെന്നുമാണ് ബിനു ജേക്കബിന്റെ ആരോപണം.
ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ ഗൗതം ഗോകുൽദാസിനെതിരെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ലിന്റോ കെ. കുര്യാക്കോസും മത്സരിക്കും. ഇത് തങ്ങളുടെ സീറ്റായിരുന്നിട്ടും കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിെയന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആരോപണം. സുൽത്താൻ ബത്തേരി നഗരസഭയിലെ ചീനപുല്ല് ഡിവിഷനിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിയായ ഷബീർ അഹമ്മദിനെതിരെ ലീഗിന്റെ തന്നെ മുനിസിപ്പൽ ജോ. സെക്രട്ടറി നൗഷാദ് മംഗലശ്ശേരിയും പോരിനുണ്ട്. നൗഷാദ് പത്രിക പിൻവലിക്കാതായതോടെ ഇവിടെ ത്രികോണ മത്സരമായി. മാനന്തവാടി നഗരസഭയിൽ മൂന്നിടങ്ങളിലും കോൺഗ്രസിന് വിമത സ്ഥാനാർഥികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.