തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ വെല്ലുവിളിയോട് മുഖംതിരിച്ച് കോൺഗ്രസ്. തരൂരിന് മറുപടിയുമായി കേന്ദ്ര-സംസ്ഥാന നേതാക്കളാരും തിങ്കളാഴ്ച രംഗത്തുവന്നില്ല. ‘നോ കമന്റ്സ്’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. തൽക്കാലം ഒന്നും പറയേണ്ടെന്നാണ് ഹൈകമാൻഡ് തലത്തിലുണ്ടായ ധാരണ. പ്രതികരണങ്ങൾ തരൂരിന് ശ്രദ്ധ നൽകുന്നതിനൊപ്പം വിവാദം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെ തളർത്തുന്നെന്നും കോൺഗ്രസ് വിലയിരുത്തുന്നു. തരൂരിനെ തൽക്കാലം അവഗണിക്കുന്നത് അതുകൊണ്ടാണ്.
കോൺഗ്രസിന് വേണ്ടെങ്കിൽ മറ്റു വഴികളുണ്ടെന്നുപറഞ്ഞ തരൂർ സ്വയം തീരുമാനിക്കട്ടെയെന്നാണ് ഹൈകമാൻഡ് നിലപാട്. തരൂരിന്റെ നീക്കങ്ങൾ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, തരൂരിന്റെ വാദമേറ്റെടുത്ത് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നത് കോൺഗ്രസിന് പുതിയ തലവേദനയായി.
ഭരണത്തുടർച്ചക്കുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്നാണ് മുല്ലപ്പള്ളി പരസ്യമായി പറഞ്ഞത്. ഇപ്പോഴത്തെ നേതൃത്വവുമായി അകൽച്ചയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂല അവസരത്തിൽ നേതൃത്വത്തെ പ്രഹരിക്കുകയാണ്. വിവാദം കത്തിക്കേണ്ടെന്ന നിലപാടിന്റെ ഭാഗമായി മുല്ലപ്പള്ളിയുടെ പരാമർശത്തോടും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഞായറാഴ്ച തിരുവനന്തപുരത്തുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തരൂർ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസിലെ അമർഷം ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. തരൂരിന്റെ വെല്ലുവിളിയോട് ഹൈകമാൻഡിനും കടുത്ത അതൃപ്തിയുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികളും തരൂരിനോട് യോജിക്കുന്നില്ല. താൻ എല്ലാ തികഞ്ഞവനാണെന്ന് ഒരാൾക്ക് തോന്നിയാൽ അത് അയാളുടെ പതനത്തിന്റെ തുടക്കമാണെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.