മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായിരുന്ന വി.വി പ്രകാശിന്റെ വീട്ടിൽ പോയി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട തൃണമൂൽ നേതാവ് പി.വി അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം.
ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങൾ വെച്ചുപുലർത്തിയ നെഹ്രുവിയൻ കോൺഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ച ഹീനമായ വർഗീയ പ്രചരണങ്ങൾ നടത്തിയ ആളാണ് പി.വി. അൻവർ. എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് വി.വി.പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണെന്നും ആ കുടുംബവും എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്നുമാണെന്ന് വി.ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാട്ടുകാർ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടൻ' എന്നതിലെ 'ഏട്ടൻ' എന്ന വാക്ക് മാത്രം മതിയായിരുന്നു അൻവറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാൻ. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അൻവറിന്റെ ക്യാമ്പയിൻ മുഴുവൻ. അന്ന് അൻവറിനെ തലയിലേറ്റി നടന്നിരുന്ന സി.പി.എമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചുവെന്നും ബൽറാം പറയുന്നു.
തന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പി.വി.അൻവറിന്റെ ഈ ക്രൂരമായ ആരോപണങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ടു പോയതെന്നും ബൽറാം കൂട്ടിച്ചേർത്തു. വി.വി പ്രകാശിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും വി.ടി.ബൽറാം പങ്കുവെച്ചിട്ടുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചാരണത്തിന്റെ തുടക്കമിടാനായിട്ടാണ് അന്‍വര്‍ 2021-ല്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തിയത്.
വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അന്‍വര്‍ വോട്ടഭ്യര്‍ഥിച്ചു. എന്നാല്‍ എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. 'വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ല' സ്മിത പറഞ്ഞു.
"2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശിനെതിരെ ഹീനമായ വർഗീയ പ്രചരണങ്ങളാണ് അന്നത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയിരുന്നത്. ആ നാട്ടുകാർ പ്രായവ്യത്യാസമില്ലാതെത്തന്നെ വിളിച്ചിരുന്ന 'പ്രകാശേട്ടൻ' എന്നതിലെ 'ഏട്ടൻ' എന്ന വാക്ക് മാത്രം മതിയായിരുന്നു അൻവറിന് വി.വി.പ്രകാശിനെ ഒരു സംഘിയായി ചിത്രീകരിക്കാൻ. അത് വച്ചുള്ള പ്രസംഗങ്ങളായിരുന്നു അൻവറിന്റെ ക്യാമ്പയിൻ മുഴുവൻ. അന്ന് അൻവറിനെ തലയിലേറ്റി നടന്നിരുന്ന സിപിഎമ്മും ഈ പ്രചരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു.
തന്റെ ജീവിതത്തിലുടനീളം ഉറച്ച മതേതര ബോധ്യങ്ങൾ വച്ചുപുലർത്തിയ, പ്രത്യയശാസ്ത്രപരമായിത്തന്നെ സംഘ് പരിവാറിന്റെ നിതാന്ത വിമർശകനായിരുന്ന,
വ്യക്തിജീവിതത്തിൽപ്പോലും മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു പരിധിക്കപ്പുറം മാറ്റിനിർത്തിയ, നെഹ്രുവിയൻ കോൺഗ്രസുകാരനായ വി.വി. പ്രകാശിനെ അങ്ങേയറ്റം വേദനിപ്പിച്ചതായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ ആ ബിലോ ദ് ബെൽറ്റ് ആക്രമണങ്ങൾ. തന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പി.വി.അൻവറിന്റെ ഈ ക്രൂരമായ ആരോപണങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയതിന് ശേഷമാണ് വി.വി.പ്രകാശ് ഈ ലോകം വിട്ട് പോയത്. ആ മറുപടിയുടെ ലിങ്ക് കമന്റിൽ നൽകുന്നു.
എന്നിട്ടും വി.വി.പ്രകാശിന്റെ വീട്ടിൽപ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അൻവറിനോട് പറയാനുള്ളത് പ്രകാശേട്ടന്റെ പ്രിയതമ തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്: വി.വി.പ്രകാശ് അന്ത്യയാത്രയിൽ പുതച്ചിരുന്നത് കോൺഗ്രസിന്റെ പതാകയാണ്. ആ കുടുംബവും എക്കാലത്തും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കും."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.