'ഈ ബ്ലാക്ക്മെയിലിങ് ആണ് എന്നും ഇയാളുടെ രാഷ്ട്രീയം, പറയുന്ന ഒരു കാര്യത്തോടും ആത്മാർത്ഥതയില്ലാത്തയാൾ, ഭീഷണി കച്ചവട താത്പര്യങ്ങൾ സംരക്ഷിക്കാൻ'; അൻവറിനെതിരെ വി.ടി ബൽറാം

മലപ്പുറം: പി.വി അൻവർ ബ്ലാക്ക്മെയിലിങ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ വ്യക്തിഹത്യ തുടർന്നാൽ നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കുമെന്നുമൊക്കെയുള്ള അൻവറിന്റെ പരാമർശത്തെയാണ് ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.

പറയുന്ന ഒരു കാര്യത്തോടും ഒരാത്മാർത്ഥതയുമില്ലാത്ത ഒരാളാണ് അൻവറെന്നും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളും കച്ചവട താത്പര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി ഭരണ സംവിധാനങ്ങളേയും രാഷ്ട്രീയ നേതൃത്വത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ നോക്കുക എന്നതാണ് അൻവറിന്റെ ലക്ഷ്യമെന്നും ബൽറാം കുറ്റപ്പെടുത്തി.

വേണ്ടിവന്നാൽ പുറത്തുവിടുമെന്ന ഭീഷണി ബ്ലാക്ക് മെയിലിങ് ആണെന്നും അതാണ് അയാളുടെ രാഷ്ട്രീയമെന്നും ബൽറാം പറഞ്ഞു.

തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട പി.വി അൻവർ ഭരണ പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.  ‘ഇങ്ങനെ പോയാൽ എനിക്ക് പ്രതിരോധിക്കേണ്ടിവരും. തെളിവടിസ്ഥാനത്തിലാകും അവർക്കെതിരെയുള്ള കാര്യങ്ങൾ പുറത്തുവിടുക. ഇവർക്കൊന്നും പിടിച്ചുനിൽക്കാനാകില്ല. ഈ പറയുന്ന വി.ഡി. സതീശനായാലും ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റിയാസായാലും ആര്യാടൻ ഷൗക്കത്തായാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടിലേക്ക് പോകും. ഒരു മുന്നറിയിപ്പായാണ് ഇത് പറയുന്നത്. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്‍റെയും ആര്യാടൻ ഷൗക്കത്തിന്‍റെയും നേതൃത്വത്തിലാണ്. ഒരു പരിധി കഴിഞ്ഞാൽ എനിക്കതിനെ പ്രതിരോധിക്കേണ്ടി വരും’ -അൻവർ പറഞ്ഞു.

നവകേരള സദസ്സിന്‍റെ പേരിൽ കോൺട്രാക്‌ടർമാരിൽനിന്ന് റിയാസ് ബലമായി പൈസ പിരിച്ചതിന്റെ തെളിവുകൾ കൈവശം ഉണ്ട്. താൻ വ്യക്തിഹത്യ നടത്താനല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ രീതിയിലാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി.വി. അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ബാനറിൽ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.

മൂന്നാം മുന്നണി രൂപവത്കരണത്തിന്‍റെ ഭാഗമായാണ് നീക്കം. ആം ആദ്മി പാർട്ടി മുന്നണിയെ പിന്തുണച്ചേക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് മുന്നണി രൂപവത്കരണം. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ പാർട്ടി ചിഹ്നത്തിന്‍റെ കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അൻവർ പറഞ്ഞു. പാർട്ടി ചിഹ്നം ആവശ്യപ്പെടും, ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. നിരവധി ചെറിയ സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഈ ബ്ലാക്ക്മെയിലിംഗ് ആണ് എന്നും ഇയാളുടെ "രാഷ്ട്രീയം". എന്തിനാണ് ഈ "വേണ്ടിവന്നാൽ" എന്ന ഭീഷണി? നിങ്ങളങ്ങ് കാണിക്കന്നേ, ജനം അറിയട്ടെ കാര്യങ്ങൾ.

സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളും കച്ചവട താത്പര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി ഭരണ സംവിധാനങ്ങളേയും രാഷ്ട്രീയ നേതൃത്വത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ നോക്കുക എന്നതിൽക്കവിഞ്ഞ് പറയുന്ന ഒരു കാര്യത്തോടും ഒരാത്മാർത്ഥതയുമില്ലാത്ത ഒരാളാണ് ഇദ്ദേഹമെന്ന് ഇപ്പോൾ കൂടുതൽക്കൂടുതൽ ആളുകൾക്ക് ബോധ്യമാവുന്നുണ്ടെന്നത് തന്നെ ആശ്വാസകരമാണ്."


Full View


Tags:    
News Summary - Congress leader VT Balram criticizes PV Anwar for playing blackmail politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.