മഹേശ്വരൻ നായരെ രാജീവ് ചന്ദ്രശേഖർ ഷാളണിയിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയതിന് പിന്നാലെയാണ് ലീഡർ കെ. കരുണാകരന്‍റെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബി.ജെ.പിയിലെത്തിയത്. കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് സ്വീകരിച്ചു.
ഉപാധികൾ ഒന്നുമില്ലാതെയാണ് ബി.ജെ.പിയിൽ അംഗത്വം എടുക്കുന്നതെന്നും തിരുവനന്തപുരത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും മഹേശ്വരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റാൻ രാജീവ് ചന്ദ്രശേഖറിന് കഴിയും. വികസന കാഴ്ചപ്പാടാണ് തന്നെ ബി.ജെ.പിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് അവഗണന ഒന്നും ഉണ്ടായിട്ടില്ല. സ്ഥാനമാനങ്ങളുടെ പിന്നാലെ ഒരിക്കലും പോയിട്ടില്ലെന്നും മഹേശ്വരൻ നായർ പറഞ്ഞു.
നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു മഹേശ്വരൻ നായർ. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
തിരുവനന്തപുരം ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി ബി.ജെ.പിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.