എലപ്പുള്ളിയിൽ ബ്രൂവറി വരുന്ന സ്ഥലത്ത് എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി കൊടി കുത്തുന്നു
പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സ്ഥലമേറ്റെടുക്കാന്‍ ഒയാസിസ് കമ്പനിക്ക് ഇടനിലക്കാരനായത് കോണ്‍ഗ്രസ് നേതാവ്. എലപ്പുള്ളി പഞ്ചായത്തംഗവും കോണ്‍ഗ്രസ് പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ അപ്പുക്കുട്ടനാണ് ഇടനിലക്കാരനായത്. അഞ്ചു പേരില്‍ നിന്നായി 22 ഏക്കര്‍ ഭൂമിയാണ് വാങ്ങിനല്‍കിയതെന്ന് അപ്പുക്കുട്ടന് പറഞ്ഞു. മദ്യക്കമ്പനിക്കാണ് സ്ഥലമെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് സ്ഥലമെന്ന് ചോദിച്ചപ്പോള്‍ ഒരു കമ്പനി ആവശ്യത്തിനാണ് എന്നാണ് പറഞ്ഞത്. എന്ത് കമ്പനിയാണെന്ന് ചോദിച്ചപ്പോള്‍ അത് തീരുമാനമായിട്ടില്ലെന്നാണ് പറഞ്ഞത്. അംഗീകാരം കിട്ടിയിട്ടില്ല, കിട്ടുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം എടുത്തുകൊടുത്തത്. ഞാന്‍ ബ്രോക്കറാണ്. ഇതിനു വേണ്ടിയാണെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ കൊടുക്കില്ലായിരുന്നു. പക്ഷേ, ആ സമയത്ത് അവര്‍ സത്യം പറഞ്ഞില്ല. ഇപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്- അപ്പുക്കുട്ടന് പറഞ്ഞു. അഞ്ചു പേരില്‍ നിന്നായി 22 ഏക്കര്‍ ഭൂമിയാണ് വാങ്ങി നല്‍കിയത്. 2022ലാണിത്. ഒരു ഏക്കറിന് 20-25 ലക്ഷം വരെ നല്‍കിയിരുന്നെന്നും അപ്പുക്കുട്ടന് പറഞ്ഞു.
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നത് കോളജിന്റെ മറവിലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദം തള്ളി പ്രയാഗ കോളജ് അധികൃതര്‍. 2018ൽ തന്നെ കാലിക്കറ്റ് സർവകലാശാല അഫിലിയേഷനുള്ള സ്വാശ്രയ കോളജിനായാണ് ഏഴ് ഏക്കർ സ്ഥലം വാങ്ങിയതെന്ന് കോളജ് കമ്മിറ്റി ചെയർമാൻ സന്ദീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോളജിന്റെ സ്ഥലത്തല്ല ബ്രൂവറി വരുന്നത്.
ബ്രൂവറിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ല. പഞ്ചായത്തിലെ ആദ്യ സ്വാശ്രയ കോളജായ പ്രയാഗക്ക് കളങ്കമുണ്ടാക്കുന്നതാണ് പുതിയ വിവാദമെന്നും ആദിവാസികളടക്കമുള്ള 300ഒാളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തെ അതെങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.