ആകെ പിരിച്ചത് 5.38 കോടി, 73 ലക്ഷം കൂടി രജിസ്ട്രേഷന് വേണം; വയനാടിനായി പിരിച്ച പണത്തിന്‍റെ കണക്ക് പറഞ്ഞ് കോൺഗ്രസ്
കണ്ണൂര്‍: വയനാട് ഉരുൾ ദുരന്തബാധിതർക്കായി പിരിച്ച പണത്തിന്‍റെ കണക്ക് പറഞ്ഞ് കോൺഗ്രസ്. ജോയിന്‍റ് അക്കൗണ്ടിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 5.38 കോടി രൂപ മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
3.68 കോടി രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഗ്രസ് നൽകി. അക്കൗണ്ട് വഴി ലഭിച്ചതിന് പുറത്താണ് യൂത്ത് കോൺഗ്രസ് നൽകിയ ഫണ്ട്. കെ.പി.സി.സി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി മുടക്കിയാണ് സ്ഥലം വാങ്ങിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. 73 ലക്ഷം രൂപ കൂടി രജിസ്ട്രേഷന് ആവശ്യമുണ്ട്. അത് കെ.പി.സി.സി-എ.ഐ.സി.സി ഫണ്ടിൽനിന്നു കണ്ടെത്തും. വീട് നിര്‍മാണത്തിന് പണം പിരിക്കില്ലെന്നും ഇനിയും പാര്‍ട്ടിയുടെ ഫണ്ടിൽ നിന്നും പണം കണ്ടെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിൽ വലിയ വൈകലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദുരിതബാധിതർക്കായി പിരിച്ച ഫണ്ടിന്‍റെ അക്കൗണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിന്‍റെ ബ്രാഞ്ചിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. മീഡിയവൺ 'നയതന്ത്ര'ത്തിലാണ് വെളിപ്പെടുത്തൽ. പിരിഞ്ഞുകിട്ടിയതിനേക്കാൾ കൂടിയ വിലക്കാണ് ഭൂമി വാങ്ങിയതെന്നും ബാക്കി തുക കെ.പി.സി.സി അക്കൗണ്ടിൽനിന്നാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വയനാട്ടിലേക്ക് പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യം മുഖ്യമന്ത്രി അടക്കമുള്ളവർ ഉന്നയിച്ചിരുന്നു. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഒരു വ്യക്തത പാർട്ടി വരുത്തിയിരുന്നില്ല. കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമാണ പ്രവൃത്തി ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കെ.സിയുടെ മറുപടി.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതര്‍ക്കായി 100 വീടുകൾ നിര്‍മിക്കുമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രഖ്യാപനം. ഫെബ്രുവരിയിൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് രാഹുൽ ഗാന്ധി തറക്കല്ലിട്ടു. കുന്നമ്പറ്റയിൽ പദ്ധതിക്കായി 3.26 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 2.18 ഏക്കർഭൂമികൂടി വാങ്ങിയിട്ടുണ്ട്. മറ്റൊരിടത്ത് അഞ്ചേക്കർ വാങ്ങുന്നതിനായുള്ള ചർച്ചകൾ നടക്കുന്നതായും പ്രിയങ്ക അന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.