മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ ഡി.സി.സി അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : ചതയദിന ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി വെല്ലുവിളിച്ച കോൺഗ്രസ് ഡി.സി.സി അംഗം ചേന്തി അനിലിനെതിരെ കർശന നടപടി. അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഡി.സി.സി നേതൃത്വം ഉത്തരവിട്ടു. കെ.പി.സി.സി പ്രസിഡന്റിന്റെ കർശന നിർദേശ പ്രകാരം തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ എൻ. ശക്തനാണ് അച്ചടക്കനടപടി സ്വീകരിച്ചത്.

പാർട്ടി നേതൃത്വത്തെ വെട്ടിലാക്കി വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിലും സംഘവും വഴിയിൽ വാഹനം തടഞ്ഞത്. മുഖ്യമന്ത്രിയെപ്പോലൊരു ഉന്നത നേതാവിന്റെ വാഹനം തടഞ്ഞുനിർത്തി പരസ്യമായി വെല്ലുവിളിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയാണ് നേതൃത്വം അതിവേഗം നടപടി സ്വീകരിച്ചത്. അറസ്റ്റിന് പിന്നിൽ ഗ്രൂപ്പ് തർക്കമാണെന്ന അനിലിന്റെ വാദങ്ങൾ പാർട്ടിയുടെ ഒരു തലത്തിലും അംഗീകരിക്കപ്പെട്ടില്ല. മുൻനിര നേതാക്കളോ ഗ്രൂപ്പുകളോ ഇയാൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല.

അതിനിടെ, പ്രതിയായ ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മുഖ്യമന്ത്രിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം തടഞ്ഞതെന്നും, കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Congress Expels DCC Member Chendi Anil Over Blocking Kerala Chief Minister’s Convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.