കോണ്‍ഗ്രസ് അംഗത്വവിതരണത്തിന് തുടക്കം; കേരളത്തിൽ പാർട്ടിയെ ശക്​തിപ്പെടുത്തുമെന്ന്​ താരിഖ് അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണത്തിന് തുടക്കമായി. കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മെമ്പര്‍ഷിപ്പ് ബുക്ക് കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ചു.

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നുവരുമെന്നും അത് കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നവചൈതന്യവും പകരുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അത് ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയാറായ എ.ഐ.സി.സിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് സംഘടനാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അംഗത്വവിതരണം വലിയതോതില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവ ശാക്തീകരിക്കാനും കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിന്​ കഴിയുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ എന്‍. ശക്തന്‍, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, ജി. സുബോധന്‍, ജി.എസ്. ബാബു, ആര്യാടന്‍ ഷൗക്കത്ത്, എം.എം. നസീര്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, സജീവ് ജോസഫ്, അന്‍വര്‍ സാദത്ത്, നിര്‍വാഹക സമതി അംഗം ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.പി.സി.സി യോഗം

പുനഃസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി നിര്‍വാഹക സമതി അംഗങ്ങള്‍, കെ.പി.സി.സി സ്ഥിരം ക്ഷണിതാക്കള്‍, കെ.പി.സി.സി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്‍റുമാര്‍ എന്നിവരുടെ യോഗം നവംബര്‍ രണ്ടിന് രാവിലെ 11ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി അറിയിച്ചു. മൂന്നിന്​ രാവിലെ പത്തിന് പുനഃസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമതി അംഗങ്ങളുടെ യോഗം ചേരും.

Tags:    
News Summary - Congress begins membership distribution; Tariq Anwar says party will be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.