ജപ്തി വിവാദം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചെക്ക് സ്വീകരിക്കില്ലെന്ന്; ബാങ്കിൽ നാടകീയ രംഗങ്ങൾ

മൂവാറ്റുപുഴ: ജപ്തി നടപടിക്ക് ഇരയായ കുടുംബം കുടിശ്ശിക പണം അടക്കാനെത്തിയത് മൂവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കടം തീർക്കാൻ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ 1,35,586 രൂപയുടെ ചെക്കുമായി അജേഷും ഭാര്യ മഞ്ജുവും ബാങ്കിൽ എത്തിയപ്പോൾ കുടിശ്ശിക തീർത്ത നിലയിലായതിനാൽ ചെക്ക് സ്വീകരിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. തങ്ങൾ പണം അടച്ചിട്ടില്ലെന്നും ചെക്ക് സ്വീകരിക്കണമെന്നുമുള്ള നിലപാടിൽ അജേഷും മഞ്ജുവും ഉറച്ചുനിന്നു. അവസാനം ജീവനക്കാർ ചെക്ക് സ്വീകരിച്ചെങ്കിലും അജേഷിന്‍റെ വായ്പ അക്കൗണ്ടിലേക്ക് വരവു വെക്കാനാവാത്തതിനാൽ വെട്ടിലായ അവസ്ഥയിലാണ്.

വെള്ളിയാഴ്ച രാവിലെയാണ് കുടുംബം ബാങ്കിലെത്തിയത്. ഇവരെ സ്വീകരിച്ച ശേഷമാണ് തുക അടക്കേണ്ടെന്ന് അറിയിച്ചത്. പണം അടച്ചെന്ന് ജീവനക്കാരും ഇല്ലെന്ന് വീട്ടുകാരും തർക്കമായി. കടം തീർത്ത വിവരം അറിയിച്ചിട്ടില്ലെന്നും കടം തീർക്കാനാണ് വന്നതെന്നും കർശന നിലപാട് എടുത്തു. പിന്നീടാണ് ചെക്ക് സ്വീകരിച്ചത്.

പായിപ്ര വലിയപറമ്പിൽ അജേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ അടക്കം ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വലിയ വിവാദമായിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എ പൂട്ട് തകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയും കുടുംബത്തിന്‍റെ ബാധ്യത ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ബാങ്ക് ജീവനക്കാരുടെ സംഘടനയായ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) തുക അടച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു. ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടെന്നും എം.എൽ.എ ബാധ്യത ഏറ്റെടുത്തിട്ടുണ്ടെന്നും അത് മതിയെന്നുമായിരുന്നു അജേഷിന്‍റെ നിലപാട്. ബാങ്ക് ജീവനക്കാർ സ്വരൂപിച്ച പണം അടച്ചതോടെ വായ്പ ഫയൽ ക്ലോസ് ചെയ്തെന്നും ഇനി ഒരു നടപടിയും സാധിക്കില്ലെന്നും യൂനിയൻ ഭാരവാഹികൾ വ്യക്തമാക്കി. ഇതിനിടെയാണ് വെള്ളിയാഴ്ച കുടുംബം ബാങ്കിൽ എം.എൽ.എ നൽകിയ ചെക്ക് കൊടുത്തത്.

ഈ ചെക്ക് ഏത് അക്കൗണ്ടിൽ വരവുവെക്കുമെന്നതാണ് ബാങ്ക് അധികൃതർ നേരിടുന്ന പ്രശ്നം. അജേഷിന്‍റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ നിയമപരമായി കഴിയില്ല. ചെക്കിലെ തുക കോ ഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) അക്കൗണ്ടിലേക്ക് അടക്കാനേ കഴിയൂ. സംഘടനക്ക് പണം നൽകില്ലെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ അടക്കാനുള്ള തുകയിലേക്ക് എം.എൽ.എ തന്ന ചെക്കിലെ തുക മാറണമെന്നതാണ് കുടുംബത്തിന്‍റെ ആവശ്യം. ചെക്ക് സ്വീകരിച്ചെങ്കിലും ബാങ്കിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

Tags:    
News Summary - Confiscation controversy: Mathew Kuzhalnadan refuses to accept MLA's check; Dramatic scenes in the bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.