പരിവാഹൻ ലോഗോ, ഡ്രൈവിങ് ലൈസൻസ്
തിരുവനന്തപുരം: ഓഫിസുകളിലെ കമ്പ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാന്‍ മോട്ടോർ വാഹന വകുപ്പിന്റെ പരീക്ഷാ ഹാളുകളിൽ അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ലേണേഴ്സ് ടെസ്റ്റ് നടക്കുക.
എം.വി.ഡി ലീഡ്സ് മൊബൈല്‍ ആപാണ് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് മുൻപും പരീക്ഷാ വേളയിൽ നിശ്ചിത ഇടവേളകളിലും മുഖം തിരിച്ചറിയൽ പരിശോധന നടത്തും. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ഉടൻ ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
ലേണേഴ്സ് ലൈസന്‍സിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ ഇപ്പോഴുണ്ട്. ഇതൊഴിവാക്കാന്‍ മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം വീതം ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് നടത്താനും നിർദേശിച്ചിട്ടുണ്ട്. ലേണേഴ്സിന് അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ അവസരം ലഭിക്കുന്ന വിധത്തിലേക്ക് എത്തിക്കാനാണ് ഈ മാറ്റം.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും തോറ്റവര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തില്‍ അപേക്ഷകൾ തീർപ്പാക്കണം. ദിവസേനയുള്ള ലേണേഴ്സ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകൾക്ക് തുല്യമോ അതിലധികമോ ആകണമെന്നാണ് നിർദേശം.
മോട്ടോർ വാഹനവകുപ്പിന്റെ പരീക്ഷ ഹാളുകളിലെ കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു നിലവിൽ ലേണേഴ്സ് ടെസ്റ്റ് നടന്നിരുന്നത്. കോവിഡ് കാലത്ത് അപേക്ഷകർക്ക് വീട്ടിലിരുന്ന് മൊബൈൽ ഫോൺ വഴി ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നെങ്കിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതോടെ അതുപേക്ഷിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിൽ അപേക്ഷകരുടെ ഫോണിൽ ടെസ്റ്റ് നടക്കുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.