തിരുവനന്തപുരം: വഴിത്തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ തിരുവനന്തപുരം കൈതമുക്കില്‍ യുവാവിനെ അയല്‍വാസി പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കട തൈവിളാകത്ത് വീട്ടില്‍ ടി.സി 28 /456 ചന്ദ്രശേഖരന്‍ നായര്‍-കുമാരി ശൈല ദമ്പതികളുടെ മകന്‍ വിശാഖാണ് (43) കൊല്ലപ്പെട്ടത്. അയല്‍വാസി ചമ്പക്കട ജങ്ഷന് സമീപം സ.പി.ആര്‍.എ 14 ല്‍ പ്രദീപാണ് (38) കൊലനടത്തിയതെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബൈക്കിലെത്തിയ പ്രദീപ് വീടിന് മുന്നില്‍വെച്ച് വിശാഖിനെ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. കൃത്യത്തിനുശേഷം മുന്‍ നിശ്ചയിച്ചപ്രകാരം സുഹൃത്തുക്കൾ എത്തിച്ച കാറില്‍ കയറി പ്രദീപ് രക്ഷപ്പെട്ടു. കാറിൽ പ്രദീപിനെകൂടാതെ മൂന്നുപേർകൂടി ഉണ്ടായിരുന്നതായി പൊലിസ് അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ പുലയനാര്‍കോട്ടയില്‍നിന്ന് പൊലീസ് കണ്ടെത്തി.
കാറില്‍ കൃത്യത്തിനുപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വെട്ടുകത്തികൾ കണ്ടെത്തി. മദ്യകുപ്പിയും വള്ളക്കടവ് സ്വദേശി ശ്രീഹാഷിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സും ലഭിച്ചു.
സംഭവത്തില്‍ നാലുപേരെ പൊലീസ് പിടികൂടിയതായി സൂചനയുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിന് സമീപത്തുള്ള കുറ്റികാടില്‍നിന്ന് പിടികൂടിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രദീപ് ഒഴികെയുള്ളവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരുന്നു. മറ്റ് മുന്നുപേരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല.
കഴിഞ്ഞ ഡിസംബറിൽ പ്രദീപിനെ വിശാഖ് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് വിശാഖ് ജയിലിൽനിന്ന് ഇറങ്ങിയത്. ഇതിനിടെ വിശാഖ് മലയിന്‍കീഴിലേക്ക് താമസം മാറ്റി.
രണ്ടുദിവസം മുമ്പ് പ്രദീപിന്‍റെ കാറിന്‍റെ ടയർ വൈശാഖ് കുത്തിക്കീറിയതായി പറയപ്പെടുന്നു. ഞായറാഴ്ച അമ്മയെ കാണാൻ വിശാഖ് കൈതമുക്കിലെ വീട്ടിലെത്തിയതായിരുന്നു. മരിച്ച വിശാഖ് ഡ്രൈ ക്ലീൻ സ്ഥാപനം നടത്തിവരികയായിരുന്നു. വിശാഖിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മേര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.